Thursday, October 30, 2008

ആയില്യം

കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരന്റെ വീട്ടില്‍ വെച്ചാണ് ഇങ്ങനെ ഒരു ചൊല്ല് കേട്ടത് "ആയില്യം നാള്‍ അയല്‍ ദോഷം" അത് പെണ്‍ കുട്ടിയാണേല്‍ ആ വീടിന്റെ പടിഞ്ഞാറേ വീടിനും ആണ്കുട്ടിയാണേല്‍ കിഴക്കേ വീടിനും ദോഷമാണത്രേ!!!!!. ഈ കൂട്ടുകരന്റെ വീടിന്റെ പടിഞ്ഞാറെ വീട്ടിലെ ചേച്ചി പ്രസവിച്ചു, കുട്ടി പെണ്ണ്. എന്തായാലും കൂട്ടുകാരന്റെ വീട്ടുകാര്‍ക്ക് ആശ്വാസമായി.പൊതുവേ നാളിലും ജാതകത്തിലും ഒന്നും വിശ്വാസമില്ലാത്ത എനിക്ക് ഇങ്ങനെ കേട്ടപ്പോള്‍ വളരെ കൌതുകകരമായി തോന്നിയതുകൊണ്ട് എന്താണ് ഇങ്ങനെ ഒരു പറച്ചില്‍ രൂപപ്പെടാന്‍ കാരണമെന്ന് ഞാന്‍ ഒരു അന്വേഷണം നടത്തി. പല പ്രായമുള്ളവരോടും അന്വേഷിച്ചു പലര്‍ക്കും പലതരത്തിലുള്ള കഥകളാണ് പറയാനുണ്ടായിരുന്നത്.

ഞങ്ങളുടെ അയല്‍ വീട്ടിലെ തങ്കപ്പന്‍‍ ചേട്ടന്‍‍ അദ്ദേഹത്തിന്‍ ആകെയുണ്ടായിരുന്ന 15 സെന്റ് സ്ഥലത്തില്‍ 8 സെന്റിനകത്തും മുള നട്ടുപിടിപ്പിച്ചിരിക്കുകയായിരുന്നു.അതില്‍ നിറച്ച് വിഷപാമ്പുകളും. പലപ്പോഴും ഈ പാമ്പുകളുടെ ശല്യം കാരണം ഞാന്‍ തങ്കപ്പന്‍ ചേട്ടനോട് ഈ മുള വെട്ടിക്കളയരുതോ ഇത്തരം പാമ്പുകളുടെ ശല്യം എങ്കിലും ഇല്ലാതാകുമല്ലോ എന്ന് ചോദിച്ചിട്ടുണ്ട്, എപ്പോഴും ഒരു ചെറിയ ചിരിയോടെ 'അതവിടെ നിക്കട്ട് കുഞ്ഞേ' എന്നായിരിക്കും മറുപടി. ഇപ്പോഴാണ് അതിന്റെ പിന്നില്‍‍ ഒളിഞ്ഞിരിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്. തങ്കപ്പന്‍ ചേട്ടന്റെ വീടിന്റെ തൊട്ടു പടിഞ്ഞാറുള്ള വീട്ടിലെ ബിജുചേട്ടന്‍ ആ‍യില്യം നാളുകാരനാണത്രേ. അപ്പോള്‍‍ ആയില്യദോഷം നേരിട്ട് തട്ടാതിരിക്കുവാന്‍‍ വേണ്ടി ഒരു മറയായിട്ടാണ് ഇദ്ദേഹം മുള നട്ടു പിടിപ്പിച്ചിരിക്കുന്നത്. എന്തായാലും ആയില്യം ദോഷം മുള തടഞ്ഞതിനാലാണോ അതൊ തങ്കപ്പന്‍ ചേട്ടന്റെ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല വിഷപാമ്പുകള്‍ ഒന്നു രണ്ടു തവണയേ കുടുംബത്തിലുള്ളവരെ കടിച്ചിട്ടുള്ളൂ.!!!!!!!!!.

വേറൊരിടത്ത് ഒരു വീട്ടില്‍ അചഛ്നും മകനും ആയില്യം നാളുകാര്‍. അവരുടെ എതിര്‍വശത്തുണ്ടായിരുന്ന പുരാതനമായ പ്രതാപമുള്ള ഒരു തറവാട് ക്ഷയിച്ചു പോയി. ഇന്ന് അങ്ങനെ ഒരു വീടുപോലും അവിടില്ലെത്രേ. മറ്റൊരിടത്ത് വളരെ സ്നേഹത്തോടെ സഹവര്‍ത്തിച്ചു പോന്ന രണ്ട് അയല്‍‍ വീട്ടുകാര്‍ അവിടുത്തെ ഒരു കുട്ടി ആയില്യം നാള്‍ ആണെന്നറിഞ്ഞ് ബദ്ധ ശത്രുക്കളായി മാറി, അവസാനം ഒരു കൂട്ടര്‍ വീട് വിറ്റിട്ട് മാറിപ്പോയി.

ഞാന്‍ ഇത്രയും എഴുതിയത് ആയില്യം നാളിനെ മോശമാക്കി കാണിക്കാനല്ല, പ്രിയ ആയില്യം ബ്ലോഗേഴ്സ്സ് എന്നോട് ക്ഷമിക്കുമല്ലോ??? മറിച്ച് സാക്ഷരതയുടെ കാര്യത്തിലും സംസ്കാരത്തിന്റെ കാര്യത്തിലും എല്ലാം മുന്‍പിലാണെന്ന് അവകാശപ്പെടുന്ന നമ്മുടെ GODS OWN COUNTRY- കേരളത്തില്‍ തന്നെയാണല്ലോ ഇത്തരം അന്ധവിശ്വാസങ്ങളും ആള്‍ക്കാര്‍ കൊണ്ടുനടക്കുന്നത് എന്നോര്‍ത്തപ്പോള്‍ അല്‍പ്പം ലജ്ജ തോന്നിപ്പോയി. ഇനി ഇതിന്റെയെല്ലാം ഒരു മറുവശം കൂടി പറയാനുണ്ട്. ആയില്യം നാള്‍ അയല്‍ദോഷമാണെങ്കിലും സ്വന്തം നിലക്കും, കുടുംബത്തിനും വളരെ നല്ലതാണെന്നാണ് എല്ലാവരുടേയും അഭിപ്രായം. ഉദാഹരണമായി നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ നാള്‍ ആയില്യം നാളായിരുന്നുപോലും. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഭാരതത്തിന്‍ ഉന്നതിയും അയല്‍ രാജ്യമായ ചൈനക്ക് ദോഷവുമായിരുന്നുവെന്നും ഒരു കൂട്ടര്‍ പറയുന്നു.

അങ്ങനെയാണേല്‍ ‍ഈയുള്ളവന്റെ ഒരു ചെറിയ ആശയം പറഞ്ഞുകൊള്ളട്ടെ, ഈ പറഞ്ഞതൊക്കെ സത്യമാണേല്‍ നമുക്ക് ഒരു 100 ആയില്യം നാളുകാരായ സഹോദരിമാരെ കണ്ടുപിടിച്ച് കാശ്മീരില്‍ കൊണ്ടുചെന്ന് താമസിപ്പിക്കാം. എന്തിനാണെന്നോ????????

പാകിസ്ഥാന്റെ കാര്യം പിന്നെ പറയണോ !!!!!!!!!!!!