കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരന്റെ വീട്ടില്‍ വെച്ചാണ് ഇങ്ങനെ ഒരു ചൊല്ല് കേട്ടത് "ആയില്യം നാള് അയല്‍ ദോഷം" അത് പെണ് കുട്ടിയാണേല്‍ ആ വീടിന്റെ പടിഞ്ഞാറേ വീടിനും ആണ്കുട്ടിയാണേല് കിഴക്കേ വീടിനും ദോഷമാണത്രേ!!!!!. ഈ കൂട്ടുകരന്റെ വീടിന്റെ പടിഞ്ഞാറെ വീട്ടിലെ ചേച്ചി പ്രസവിച്ചു, കുട്ടി പെണ്ണ്. എന്തായാലും കൂട്ടുകാരന്റെ വീട്ടുകാര്‍ക്ക് ആശ്വാസമായി.പൊതുവേ നാളിലും ജാതകത്തിലും ഒന്നും വിശ്വാസമില്ലാത്ത എനിക്ക് ഇങ്ങനെ കേട്ടപ്പോള്‍ വളരെ കൌതുകകരമായി തോന്നിയതുകൊണ്ട് എന്താണ് ഇങ്ങനെ ഒരു പറച്ചില് രൂപപ്പെടാന്‍ കാരണമെന്ന് ഞാന്‍ ഒരു അന്വേഷണം നടത്തി. പല പ്രായമുള്ളവരോടും അന്വേഷിച്ചു പലര്‍ക്കും പലതരത്തിലുള്ള കഥകളാണ് പറയാനുണ്ടായിരുന്നത്.
ഞങ്ങളുടെ അയല്‍ വീട്ടിലെ തങ്കപ്പന് ചേട്ടന് അദ്ദേഹത്തിന് ആകെയുണ്ടായിരുന്ന 15 സെന്റ് സ്ഥലത്തില്‍ 8 സെന്റിനകത്തും മുള നട്ടുപിടിപ്പിച്ചിരിക്കുകയായിരുന്നു.അതില്‍ നിറച്ച് വിഷപാമ്പുകളും. പലപ്പോഴും ഈ പാമ്പുകളുടെ ശല്യം കാരണം ഞാന്‍ തങ്കപ്പന് ചേട്ടനോട് ഈ മുള വെട്ടിക്കളയരുതോ ഇത്തരം പാമ്പുകളുടെ ശല്യം എങ്കിലും ഇല്ലാതാകുമല്ലോ എന്ന് ചോദിച്ചിട്ടുണ്ട്, എപ്പോഴും ഒരു ചെറിയ ചിരിയോടെ 'അതവിടെ നിക്കട്ട് കുഞ്ഞേ' എന്നായിരിക്കും മറുപടി. ഇപ്പോഴാണ് അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്. തങ്കപ്പന് ചേട്ടന്റെ വീടിന്റെ തൊട്ടു പടിഞ്ഞാറുള്ള വീട്ടിലെ ബിജുചേട്ടന് ആയില്യം നാളുകാരനാണത്രേ. അപ്പോള്‍ ആയില്യദോഷം നേരിട്ട് തട്ടാതിരിക്കുവാന്‍ വേണ്ടി ഒരു മറയായിട്ടാണ് ഇദ്ദേഹം മുള നട്ടു പിടിപ്പിച്ചിരിക്കുന്നത്. എന്തായാലും ആയില്യം ദോഷം മുള തടഞ്ഞതിനാലാണോ അതൊ തങ്കപ്പന് ചേട്ടന്റെ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല വിഷപാമ്പുകള്‍ ഒന്നു രണ്ടു തവണയേ കുടുംബത്തിലുള്ളവരെ കടിച്ചിട്ടുള്ളൂ.!!!!!!!!!.
വേറൊരിടത്ത് ഒരു വീട്ടില്‍ അചഛ്നും മകനും ആയില്യം നാളുകാര്‍. അവരുടെ എതിര്‍വശത്തുണ്ടായിരുന്ന പുരാതനമായ പ്രതാപമുള്ള ഒരു തറവാട് ക്ഷയിച്ചു പോയി. ഇന്ന് അങ്ങനെ ഒരു വീടുപോലും അവിടില്ലെത്രേ. മറ്റൊരിടത്ത് വളരെ സ്നേഹത്തോടെ സഹവര്‍ത്തിച്ചു പോന്ന രണ്ട് അയല്‍ വീട്ടുകാര്‍ അവിടുത്തെ ഒരു കുട്ടി ആയില്യം നാള് ആണെന്നറിഞ്ഞ് ബദ്ധ ശത്രുക്കളായി മാറി, അവസാനം ഒരു കൂട്ടര് വീട് വിറ്റിട്ട് മാറിപ്പോയി.
ഞാന്‍ ഇത്രയും എഴുതിയത് ആയില്യം നാളിനെ മോശമാക്കി കാണിക്കാനല്ല, പ്രിയ ആയില്യം ബ്ലോഗേഴ്സ്സ് എന്നോട് ക്ഷമിക്കുമല്ലോ??? മറിച്ച് സാക്ഷരതയുടെ കാര്യത്തിലും സംസ്കാരത്തിന്റെ കാര്യത്തിലും എല്ലാം മുന്‍പിലാണെന്ന് അവകാശപ്പെടുന്ന നമ്മുടെ GODS OWN COUNTRY- കേരളത്തില്‍ തന്നെയാണല്ലോ ഇത്തരം അന്ധവിശ്വാസങ്ങളും ആള്ക്കാര് കൊണ്ടുനടക്കുന്നത് എന്നോര്‍ത്തപ്പോള്‍ അല്‍പ്പം ലജ്ജ തോന്നിപ്പോയി. ഇനി ഇതിന്റെയെല്ലാം ഒരു മറുവശം കൂടി പറയാനുണ്ട്. ആയില്യം നാള് അയല്‍ദോഷമാണെങ്കിലും സ്വന്തം നിലക്കും, കുടുംബത്തിനും വളരെ നല്ലതാണെന്നാണ് എല്ലാവരുടേയും അഭിപ്രായം. ഉദാഹരണമായി നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ നാള് ആയില്യം നാളായിരുന്നുപോലും. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഭാരതത്തിന് ഉന്നതിയും അയല്‍ രാജ്യമായ ചൈനക്ക് ദോഷവുമായിരുന്നുവെന്നും ഒരു കൂട്ടര് പറയുന്നു.
അങ്ങനെയാണേല്‍ ഈയുള്ളവന്റെ ഒരു ചെറിയ ആശയം പറഞ്ഞുകൊള്ളട്ടെ, ഈ പറഞ്ഞതൊക്കെ സത്യമാണേല്‍ നമുക്ക് ഒരു 100 ആയില്യം നാളുകാരായ സഹോദരിമാരെ കണ്ടുപിടിച്ച് കാശ്മീരില്‍ കൊണ്ടുചെന്ന് താമസിപ്പിക്കാം. എന്തിനാണെന്നോ????????
പാകിസ്ഥാന്റെ കാര്യം പിന്നെ പറയണോ !!!!!!!!!!!!
20 comments:
"ആയില്യം നാള് അയല്‍ ദോഷം" അത് പെണ് കുട്ടിയാണേല്‍ ആ വീടിന്റെ പടിഞ്ഞാറേ വീടിനും ആണ്കുട്ടിയാണേല് കിഴക്കേ വീടിനും ദോഷമാണത്രേ!!!!!.
ആയില്യം നാളുകാരായ ബ്ലോഗേഴ്സ് എന്തിനാ വിഷമിക്കുന്നത്? അവര്‍ക്ക നല്ലകാലമല്ലേ (?? !!) എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവും എന്നല്ലേ പ്രമാണം :-) അപ്പോള്‍ കമന്റുകള്‍ കൂടുതല്‍ കിട്ടുമായിരിക്കും. അമേരിക്കയില്‍ ഈയിടെ പൊട്ടിപ്പോയ ബാങ്കിന്റെ പരിസരത്ത ആരാണാവോതാമസിക്കുന്നത്? എഫ്.ബി.ഐ. അന്വേഷിക്കണ്ടകാര്യമാണിത്..
ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചൊല്ല് കേള്‍ക്കുന്നത്, കേട്ടോ.
ആയില്യം നാളുകാരായ അയല്ക്കാരുള്ളതു കൊണ്ട് ഞങ്ങളുടെ നാട്ടിലൊന്നും പ്രശ്നമുള്ളതായി അവിടെ ആരും പറഞ്ഞു കേട്ടിട്ടില്ല. ഇനി ഒന്നൂടെ റിസര്‍ച്ച് നടത്തി നോക്കാം.
(ഇനി നാടു മാറുന്നതിനനുസരിച്ച് ദോഷത്തിനും വ്യത്യാസം കാണുമോ ആവോ?)
ഇതു വളരെ പഴയ ചൊല്ലാണ്. തെക്കന്‍ തിരുവിതാംകൂറില്‍ ഈ വിശ്വാസം വളരെ പ്രബലമാണ്. "ആയില്യം അയലു മുടിക്കും" എന്നാണു പറയാറ്. അതിര്‍ത്തിയില്‍ മുളകെട്ടിയും, പാലമരം വെച്ചുമൊക്കെയാണ് ആള്ക്കാര് ഇതിനു പരിഹാരം കാണുന്നത്.
ചിതയൊരുക്കുമ്പോള്‍ അതിനു നെടുകെ വെച്ചിരിക്കുന്ന തടിയെ 'കടവത്തടി' എന്നാണു പറയാറ്. ചിത കത്തിയമര്‍ന്നു കഴിയുമ്പോള്‍ അതിന്റെ കടവത്തടിയുടെ എരിഞ്ഞടങ്ങിയ കഷണമെടുത്തുകൊണ്ടുപോയി അതിര്‍ത്തിയില്‍ കുഴിച്ചിടുന്ന ഒരു രീതിയുമുണ്ട്. ഇതു ഞാന്‍ അച്ചമ്മ പറഞ്ഞറിഞ്ഞിട്ടുള്ളതാണ്. ഇങ്ങനെ എത്രയെത്ര അന്ധവിശ്വാസങ്ങള്‍. ആയില്യം നാളായതുകൊണ്ടു വിവാഹം മാറ്റിവെച്ച കഥകള്‍ പോലുമുണ്ട്...എന്തെല്ലാം അന്ധവിശ്വാസങ്ങള്‍..
നന്നായി
അമ്മമ്മോ ഫയങ്കരം !!! നമുക്ക് പാക്കിസ്ഥാനതിര്‍ത്തിയില്‍ കുറച്ചു മുളയോ പാലമരമോ വച്ചു പിടിപ്പിച്ചാലോ? ;)
എന്റെ ഭാര്യ ആയില്യം നാളുകാരിയാണ്. കഴിഞ്ഞ 25 വര്‍ഷമായി അവരുടെ അയല്‍ പക്കത്ത് യാതൊരു ദോഷവുമില്ല..പ്രശ്നവുമില്ല...ആരും വീടൊഴിഞ്ഞു പോയിട്ടുമില്ല..
ഓരോരോ പ്രശ്നങ്ങളേ... മനുഷ്യനു വീട് വെയ്ക്കാന്‍ സ്ഥലമില്ല അതിനിടയിലാ വീട് ഒഴിഞ്ഞുപോകാന്‍ നിക്കുന്നത്..കഷ്ടം.
ഷിജുക്കുട്ടാ..
ആയില്യം കാരിയെ കെട്ടിയാല്‍ കെട്ടിയവനു ദോഷമുണ്ടാകുമൊ? ഒരു കാര്യം ഉറപ്പാണ് ആയില്യം കാരിയെ കെട്ടിയാല്‍ കെട്ടിയവന് അടുക്കളപ്പണി പഠിക്കും..!
ഇപ്പോള്‍ പാകിസ്ഥാന് പാവമായി എന്നാല്‍ നമ്മുടെ നാട്ടിലുള്ള തീവ്രവാദികള്‍ അവരെയാണ് ശത്രുക്കളായി കാണേണ്ടത്..! ആസ്സാമിലെ ഉള്‍ഫകള്‍ താമസിക്കുന്ന സ്ഥലത്തിനു സമീപം കുറെ ആയില്യം നാളുകാരെ കുടിയിരുത്തണം..!
ഇങ്ങനെയൊന്ന് ആദ്യം കേള്‍ക്കുന്നു.
പണ്ടൊരു പൂയില്യം കേട്ടതോര്‍മ്മ വരുന്നു.
-സുല്‍
ആള്‍ക്കാരുടെ അന്ധ വിശ്വാസം ഈ നൂറ്റാണ്ടിലും ഒട്ടും കുറയുന്നില്ലല്ലോ...
കുഞ്ഞാ, കൊട്ടണം..എനിക്കിട്ടുതന്നെ കൊട്ടണം..എനിക്കിതു കിട്ടണം.നിനക്കിട്ടു ഞാന്‍ കൊട്ടുന്നുണ്ട്..
ഷിജുവേ എനിക്ക് തോന്നുന്നത് , എന്റെ തൊട്ടപ്പറുത്ത് പുതുതായി താമസിക്കാന്‍ വന്ന മദാമ്മ ആയില്യം കാരിയാണെന്നാ കഴിഞ്ഞ ആഴ്ചയില്‍ എതിരേ പോയ ട്രക്കിന്റ ടയറില്‍ നിന്നും ഒരു കുഞ്ഞു കല്ല് വന്നടിച്ച് വണ്ടീടെ ഫ്രണ്ട് ഗ്ലാസ് ഡിം!
ഇപ്പോഴിതാ അതിന്റെ സീഡീ പ്ലേയറും വര്‍ക്കാവുന്നില്ല. സമയം നഷ്ടം, മാന നഷ്ടം, പോരാത്തതിനു സാമ്പത്തിക നഷ്ടവും, അടുത്ത തവണ നാട്ടില്‍ പോവുമ്പോ ഒരു മുളയുടെ ബഡ് വെച്ച തൈ എനിക്കും കൊണ്ടുവന്ന് നടണം:)
ഷിജു, ഒന്നു പറയാന്‍ മറന്നു ; പോസ്റ്റ് നന്നായിട്ടുണ്ട്:)
Njan aayilyam naalaanu :)
ഷിജു,
ആയില്യം നാളിനുമാത്രമല്ല ഈ ദോഷം പറച്ചില്.ഉദാഹരണമായി അത്തം നാളെടുത്താല് അതിന് “കാല്” ഉള്ളനാളാണെന്നാണു വയ്പ്പ്. കാല് എന്നുവയ്ച്ചാല്‍ അഛനോ, അമ്മാവനോ ദോഷം (അതു മരണത്തിനു വരെ കാരണമാകാം എന്ന്!!!!) ഉണ്ടാക്കാം എന്നു സാരം. !!!!!!!!!!!
ഞാനും ഒരത്തംകാരനാണേ............
നല്ല പോസ്റ്റ്. ആശംസകളോടെ
നിരഞ്ജന്.
എന്റെ നാള് ഏതാണാവോ?
എനിക്കും ഓർമ്മ വന്നത് എം.പി നാരായണപിള്ളയുടെ പരിണാമം എന്ന നോവലിലെ ‘പൂയില്യനെ’ ആണു. അങ്ങിനെയെങ്ങാനുമാണെങ്കിൽ ഇച്ചിരി കടുപ്പമാണേ....
:)
അങ്ങനെയെങ്കിൽ എന്റെ അയൽ വാസികൾ ഇത്രയും നന്നാവില്ലായിരുന്നല്ലൊ.
ഒഎബി.
നന്ദി അപ്പുവേട്ടാ.
ശ്രീ,,
റിസര്‍ച്ച് ചെയ്ത് നിങ്ങളുടെ നാട്ടിലെ നല്ലവരായ ആള്ക്കാര് തമ്മില്‍ ഇനി ഇതിന്റെ പേരില്‍ അടിവെക്കരുത്.
guruji-രഘുവംശി : ചേട്ടന് പറഞ്ഞകാര്യം എന്നോടും ചിലര്‍ പറഞ്ഞിരുന്നു, പോസ്റ്റില്‍ സൂചിപ്പിച്ചില്ല എന്നു മാത്രം , വന്നതിനും കമന്റ് തന്നതിനും നന്ദി.
ഗിരീഷ് ചേട്ടാ വളരെ സന്തോഷം.
നന്ദകുമാര്‍ ഇതൊക്കെ വെറും അന്ധവിശ്വാസങ്ങളല്ലേ, എന്തായാലും ഭാര്യ്യാവീട്ടിലോട്ട് ധൈര്യമായിട്ട് പോകാമല്ലോ.
കുഞ്ഞന്‍ ചേട്ടാ, ആ പറഞ്ഞത് അപ്പോ സത്യമാണ് അല്ലേ???(അടുക്കളപ്പണി പടിക്കും എന്ന് പറഞ്ഞത്)നമ്മൂടെ ഈ നന്ദേട്ടന് ആണോ ഈ ഇടക്ക് കല്ല്യാണം കഴിച്ചത്.ആസ്സാം കഴിഞ്ഞു, മിക്കവാറും അടുത്തത് കേരളത്തിലായിരിക്കും (ആകാതിരിക്കട്ടെ).
ഒത്തിരി സന്തോഷം....
സുല്ലേട്ടാ എന്താണ് ഈ പൂയില്യം???
പൂയം+ആയില്യം അതാണോ? നന്ദി .
കാന്താരിചേച്ചീ ഇപ്പൊഴെന്നല്ല ലോകം അവസാനിക്കുന്നതുവരേയും ഇതൊക്കെ കാണും
സാജ്ന്ച്ചായാ, സത്യമെന്താണെന്ന് ഇനി മദാമ്മയോട് ചോദിച്ചാലേ അറിയൂ.:)
ഒരു മുളയുടെ ബഡ് വെച്ച തൈ വേണേല്‍ അങ്ങ എത്തിക്കാം കേട്ടോ. വളരെ നന്ദി...
കാപ്പിലാന് ആദ്യമായിട്ടല്ലേ ഇതുവഴി നന്ദി.
ചിരിപ്പൂക്കള്‍ അത്തക്കാലിനേപ്പറ്റി നേരത്തേ കേട്ടിട്ടുണ്ട്. അത്തക്കാല് ആയതുകൊണ്ട് അവിടെ ഇതുവരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ലല്ലോ.
കുറ്റ്യാടിക്കാരാ എതായാലും ഇതുവരെ അവിടെ പ്രശ്നമൊന്നുമില്ലല്ലോ.
ലക്ഷ്മി വളരെ നന്ദി.
casabianca സന്തോഷം.
ഒ എ ബി:ആര്‍ക്കറിയാം അയലത്തുകാരോട് ചോദിച്ചാല്‍ അവര്‍ സത്യം പറഞ്ഞേക്കും :-).
Post a Comment