Monday, December 1, 2008

മരങ്ങളുടെ സ്വപ്നം

പ്രിയപ്പെട്ടവരേ വളരെ ആഗ്രഹത്തോടെയും, ആകാംക്ഷയോടെയും കാത്തിരുന്ന ഒരു ജോലിയാണ് എനിക്ക് നഷ്ട്മായത്. വളരെയധികം നിരാശയിലിരുന്ന ഞാന്‍ആ സമയത്താണ് ‘ജീവിത വിജയം‘എന്ന ഒരു ബുക്ക് വായിക്കാന്‍ ഇടയായത്.അതിലെ ഒരു കഥ എനിക്ക് വളരെ ഇഷ്ടമാ‍യി. ആ സമയത്ത് എനിക്കുവേണ്ടി മാത്രം എഴുതിയതു പോലെ തോന്നി എനിക്ക് അത്. ആ കഥ ഇവിടെ ഒന്നു കുറിക്കട്ടെ.

ഒരു മലമുകളില്‍ മൂന്ന് വ്രക്ഷങ്ങള്‍ ഉണ്ടായിരുന്നു. നിലാവുള്ള ഒരു രാത്രിയില്‍ അവര്‍ മൂവരും തങ്ങളുടെ ജീവിതസ്വപ്നങ്ങള്‍‍ പരസ്പ്പരം പങ്ക് വെക്കാന്‍‍ തുടങ്ങി. അതില്‍‍ ആദ്യത്തെ മരം പറഞ്ഞു, എനിക്ക് സ്വര്‍ണ്ണാഭരണങ്ങളോടും രത്നങ്ങളോടും ഒക്കെ ഒരുപാട് ഇഷ്ട്മാണ് അതുകൊണ്ട് ഒരു വലിയ സ്വര്‍ണ്ണാഭരണ ചെപ്പാകണമെന്നാണ് എന്റെ ആഗ്രഹം.അപ്പോള്‍ എല്ലായ്പ്പോഴും എനിക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ നിധിയുടെ സൂക്ഷിപ്പുകാരനാകമല്ലോ!!.
രണ്ടാമത്തെ മരം പറഞ്ഞു എന്റെ ആഗ്രഹം കരകാണാക്കടലിലൂടെ യാത്ര ചെയ്യുന്ന ഒരു കൂറ്റന്‍ കപ്പലായി മാറി രാജാക്കന്മാരേയും, ചക്രവര്‍ത്തിമാരേയും കൊണ്ട് യാത്രചെയ്യണമെന്നാണ്. ഇതെല്ലാം കേട്ട മൂന്നാമത്തെ മരം പറഞ്ഞു എന്റെ സ്വപ്നം മറ്റൊന്നാണ് എനിക്ക് ഈ മലമുകളില്‍‍ നിന്ന് മാറാന്‍ ഒരു ആഗ്രഹവുമില്ല. ഈ മലമുകളില്‍ നിന്ന് എനിക്ക് ലോകത്തിലേക്കും ഏറ്റവും വലിയ മരമായി മാറിയാല്‍ എല്ലാ മനുഷ്യരും എന്നെ നോക്കുവാന്‍ ഇടയാകും,അങ്ങനെ എന്നെ നോക്കുമ്പോള്‍‍ അവരുടെ ചിന്തകള്‍ ദൈവത്തിലേക്ക് ഉയരണമെന്നാണ് എന്റെ ആഗ്രഹം. നാളുകള്‍ കടന്നുപോയി,വര്‍ഷങ്ങള്‍ മാറി മാറി വന്നു.ഒരു ദിവസം മരംവെട്ടുകാരായ മൂന്നുപേര്‍ ആ മലമുകളില്‍ എത്തി. അവരില്‍ ഒന്നാമത്തെ ആള്‍ ആദ്യത്തെ മരത്തിന്റെ അടുക്കലെത്തി അത് വെട്ടിമുറിച്ചു. അപ്പോള്‍ ആ മരം സ്വയം പറഞ്ഞു 'എന്തൊരു ഭാഗ്യം ഞാനുടനെ ഒരു സ്വര്‍ണ്ണചെപ്പായി മാറും'. രണ്ടാമത്തെ മരംവെട്ടുകാരന്‍ വന്ന് രണ്ടാമത്തെ മരവും മുറിച്ചിട്ടു. അപ്പോള്‍ രണ്ടാമത്തെ മരവും സ്വയം പറഞ്ഞു 'ഞാനിപ്പോള്‍ ഒരു കൂറ്റന്‍ കപ്പലായി മാറാന്‍ പോവുകയാണ്'. അടുത്തയാള്‍ മൂന്നാമത്തെ മരത്തിന്റെ അടുത്തെത്തിയപ്പോള്‍ ആ മരം ആകെ ദുഃഖത്തിലായി. ആരുമാരും തന്നെ മുറിക്കരുതേ എന്നാ‍യിരുന്നല്ലോ ആ മരത്തിന്റെ ആഗ്രഹം. ഏതായാലും ആ മരം വെട്ടുകാരന്‍ ആ മരവും വെട്ടി താഴെ ഇട്ടു.
ആദ്യത്തെ മരത്തിന്റെ പ്രധാന ഭാഗം ഒരു ആശാരിയുടെ കയ്യിലെത്തി. അദ്ദേഹം അതുകൊണ്ട് ഒരു പുല്‍ത്തൊട്ടിയുണ്ടാക്കി. സ്വര്‍ണ്ണാഭരണ ചെപ്പായി മാറാന്‍ കൊതിച്ച ആദ്യത്തെ മരത്തിന്റെ സ്വപ്നം അതോടെ അവസാനിച്ചു. എന്നാല്‍ രണ്ടാമത്തെ മരം ഒരു ഷിപ്പ് യാര്‍ഡില്‍ തന്നെയാണ് എത്തിയത്. എന്നാല്‍ അവിടെഒരു കൂറ്റന്‍ കപ്പല്‍ നിര്‍മ്മിക്കുന്നതിനു പകരമൊരു ചെറിയ വഞ്ചിയാണ് ആ മരത്തില്‍ നിന്ന് രൂപപ്പെടുത്തിയെടുത്തത്.അങ്ങനെ ആ മരത്തിന്റേയും ആഗ്രഹം സാധിച്ചില്ല. മൂന്നാമത്തെ മരം മുറിച്ചെടുത്ത് നീളമുള്ള വലിയ കഷണങ്ങളാക്കി മാറ്റി ഒരു കുരിശുണ്ടാക്കുന്ന ഒരു പണിപ്പുരയില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. മൂന്ന് മരങ്ങളുടേയും മോഹങ്ങള്‍ അങ്ങനെ വെറും മോഹങ്ങളായി അവശേഷിച്ചു.

അങ്ങനെയിരിക്കുമ്പോള്‍ ഒരു രാത്രിയില്‍ ആദ്യത്തെ മരത്തില്‍നിന്നുണ്ടാക്കിയ പുല്‍ത്തൊട്ടിയുടെ മുകളില്‍ ഒരു വലിയ നക്ഷത്രം തെളിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ണിയേശുവിനെ ഒരു തുണിയില്‍ പൊതിഞ്ഞ് ആ പുല്‍ത്തൊട്ടിലില്‍ കിടത്തി. അപ്പോള്‍ ആ പുല്‍ത്തൊട്ടി സന്തോഷത്താല്‍ കോരിത്തരിച്ചു. കാരണം ഏറ്റവും അമൂല്യമായ നിധിയായ ദൈവപുത്രനെ ഉള്‍ക്കൊള്ളുവാന്‍ സാധിച്ചല്ലോ എന്നോര്‍ത്ത്.

വര്‍ഷങ്ങള്‍ കടന്നുപോയി, യേശുവും ശിഷ്യന്മാരും കൂടി ഒരു വഞ്ചിയില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റ് വീശി,കടല്‍ ക്ഷുഭിതമായി. വഞ്ചി മുങ്ങുമെന്ന അവസ്ഥ വന്നു. അപ്പോള്‍ അതുവരെ വഞ്ചിയില്‍ ഉറങ്ങിക്കിടക്കുവായിരുന്ന യേശു ഉണര്‍ന്നെണീറ്റ് കാറ്റിനെ ശാസിച്ചു കടലിനെ ശാന്തമാക്കി. ആ നിമിഷം യേശുവും ശിഷ്യന്മാരും ആരാണെന്ന് ആ വഞ്ചിക്ക് മനസ്സിലായി.രാജാക്കന്മാരെ കയറ്റി യാത്ര ചെയ്യാന്‍ കൊതിച്ച തനിക്ക് ഏറ്റവും മഹോന്നതനായ രാജാവിനെ കൊണ്ടുപോകാന്‍ സാധിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ ആ വഞ്ചിയും സന്തോഷത്തിലാറാടി. വീണ്ടും നാളുകള്‍ കടന്നു പോയി.ഒരു ദിവസം മൂന്നാമത്തെ മരത്തിന്റെ തടിക്കഷണങ്ങള്‍ കുറെപ്പേര്‍ ചേര്‍ന്ന് എടുത്തുകൊണ്ട് പോയി. അതില്‍ നിന്ന് യേശുവിനുവേണ്ടി ഒരു കുരിശ് അവര്‍ ഉണ്ടാക്കി. ആ കുരിശില്‍ കിടന്ന് യേശു മരിക്കുമ്പോള്‍ താന്‍ എത്രമാത്രം അനുഗ്രഹിക്കപ്പെട്ടെന്ന് മൂന്നാമത്തെ മരവും ഓര്‍ത്തു. ദൈവത്തിലേക്ക് മനുഷ്യരുടെ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി മലമുകളില്‍ നില്‍ക്കാന്‍ ആഗ്രഹിച്ച തന്നെ ദൈവം എങ്ങനെ അനുഗ്രഹിച്ചു എന്നോര്‍ത്തപ്പോള്‍ ആ മരവും വികാരം കൊണ്ട് വീര്‍പ്പുമുട്ടി. മൂന്ന് മരങ്ങളുടെ മൂന്ന് സ്വപ്നങ്ങള്‍. ആ സ്വപ്നങ്ങള്‍ തകര്‍ക്കപ്പെട്ടു എന്ന് ആദ്യം നമുക്ക് തോന്നിയെങ്കിലും എത്ര മനോഹരമായിട്ടാണ് ദൈവം അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ച് കൊടുത്തത്. ഇതോടെ ഈ കഥ ഇവിടെ അവസാനിക്കുന്നു.

ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങള്‍ നമുക്ക് ഉണ്ടായിരിക്കാം പക്ഷേ അതെല്ലാം സാക്ഷാല്‍ക്കരിക്കപ്പെടണമെന്നില്ല.പല സ്വപ്നങ്ങളും നമ്മുടെ നന്മക്കുതകുന്നതല്ല എന്നതാണ് സത്യം. അപ്പോള്‍ നാമെല്ലാം വളരെ നിരാശരാകാറുണ്ട്. പക്ഷേ ഒരുകാര്യം നാം മറക്കരുത്.അതായത് നമ്മുടെ സ്വപനങ്ങളേക്കാള്‍ വളരെയേറെ മെച്ചപ്പെട്ട സ്വപ്നങ്ങള്‍ ദൈവത്തിന് നമ്മളെക്കുറിച്ചുണ്ട് എന്നകാര്യം, ഇപ്പോള്‍ ഞാനും തികച്ചും സന്തോഷവാനാണ്. എന്തൊകൊണ്ടാണ് ആ ജോലി എനിക്ക് കിട്ടാതിരുന്നത് എന്ന് എനിക്ക് ഇപ്പോള്‍ വ്യക്തമായി അറിയാം.

9 comments:

ഷിജു said...

ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങള്‍ നമുക്ക് ഉണ്ടായിരിക്കാം പക്ഷേ അതെല്ലാം സാക്ഷാല്‍ക്കരിക്കപ്പെടണമെന്നില്ല.പല സ്വപ്നങ്ങളും നമ്മുടെ നന്മക്കുതകുന്നതല്ല എന്നതാണ് സത്യം.

Appu Adyakshari said...

എവിടെയായിരുന്നു ആ ജോലി? ബോംബെയിലെ ടാജിലോ? !!

കുഞ്ഞന്‍ said...

ഷിജുക്കുട്ടാ..

സംഭവിക്കുന്നതെല്ലാം നല്ലതിന് അല്ലെ..അപ്പുവിന്റെ വാക്കുകള്‍ കൂട്ടിവായിക്കുമ്പോള്‍..ദൈവമേ...!

നല്ല സാരാംശമുള്ള കഥ.

സ്വപ്നങ്ങളില്ലാതിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി? സ്വപ്നങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.

ദൈവത്തിന് സ്തുതി..! ഷിജുവിന്റെ ആദ്യ പോസ്റ്റ് ഇതിനോടൊപ്പം ഓര്‍ത്തുപ്പൊകുന്നു.

ശ്രീ said...

ഷിജുച്ചായാ...
വളരെ ശരി. സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിയ്ക്കുന്നതും സംഭവിയ്ക്കാനിരിയ്ക്കുന്നതും നല്ലതിന്...

:)

ജിജ സുബ്രഹ്മണ്യൻ said...

നമുക്കായി ഇതിലും നല്ലതെന്തോ ദൈവം കരുതി വെച്ചിരിക്കുന്നു എന്നു കരുതി ആശ്വസിക്കുക.എല്ലാം നല്ലതിനാണ് എന്നു മാത്രം ചിന്തിക്കുക.കൂടുതല്‍ പ്രാര്‍ഥിക്കുക.നന്നായി വരും ഷിജൂ/

OAB/ഒഎബി said...

“പണ്ടാരടങ്ങാൻ ഇന്നാരെയാ കണികണ്ടതാവൊ എന്റെ ദൈവമെ...?”.അയാളെ കണ്ടതിനാൽ ഇത്രയെ സംഭവിച്ചുള്ളു എന്നാശ്വസിക്കുന്നതിന് പകരം, ഉള്ള ശാപ വചനങ്ങള് ഉരുവിട്ട് തലക്ക് പ്രാന്തും പിടിപ്പിച്ച് നടക്കാനെ ചിലറ്ക്കൊക്കെ അറിയൂ. കാര്യം നല്ല നിലയില് അവസാനിക്കുമ്പോള് കണികണ്ടവനുമില്ല ദൈവവും ഉണ്ടാവില്ല അവരുടെ മനസ്സില്.

അതു പോലെത്തന്നെയെല്ലാ കാര്യവും.

ക്ഷമയോടെ, നല്ല മനസ്സോടെ ജീവിക്കുന്നവന്റെ കൂടെ ദൈവമെപ്പോഴുമുണ്ടാവും.
വിജയങ്ങള് കൂടെയുണ്ടാവട്ടെ എന്ന പ്രാറ്ത്തനയോടെ,
ഒഎബി.

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍...
:)

ഷിജു said...

അപ്പൂചേട്ടാ ജോലി എവിടെയാണെന്ന് ഇപ്പോ പറയുന്നില്ല. എന്തായാലും വന്ന് കമന്റിയതിന് വളരെ നന്ദി.
കുഞ്ഞന്‍ ചേട്ടാ വന്നതില്‍ വളരെ സന്തോഷമുണ്ട് :).
ശ്രീ പറഞ്ഞത് വളരെ ശരിയാണ്.“സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിയ്ക്കുന്നതും സംഭവിയ്ക്കാനിരിയ്ക്കുന്നതും എല്ലാം നല്ലതിന് ” നന്ദി ...
കാന്താരിചേച്ചീ നിങ്ങളെപ്പോലെ ഉള്ളവരുടെ പ്രാര്‍ഥനയും അനുഗ്രഹങ്ങളുമെല്ലാം എനിക്ക് കൂടുതല്‍ ശക്തി പകരുന്നു.:)
OAB:കമന്റിനോട് നൂറ് ശതമാനവുംഞാന്‍ യോജിക്കുന്നു. കാരണം ദിവസവും നല്ലതാണ് നമുക്ക് സംഭവിക്കുന്നതെങ്കില്‍ ആരും രാവിലെ കണികണ്ടാതാരെയാണെന്നു പോലും ഓര്‍ക്കാറില്ല മറിച്ച് മോശമാണേലോ!!! പിന്നെ പറയണോ??? വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ട്.
പകല്‍ക്കിനാവന്‍: ആദ്യമായിട്ടാണ് ഇതിലേ വരുന്നത് അല്ലേ? സ്വാഗതം.
ചിരിച്ചു പോയതിനു നന്ദി.

പിന്നെ എന്റെ ഈ പോസ്റ്റ് വായിച്ചിട്ട് കമന്റിടാതെ പോയ പലരും ഉണ്ട്. അവര്‍ക്കെല്ലാം ഒറ്റവാക്കില്‍ നന്ദി പറയട്ടെ :).

Lathika subhash said...

ഷിജൂ,
‘ജീവിത വിജയം’എന്ന പുസ്തകം
ഞാനും ഇടയ്ക്കിടയ്ക്ക് വായിക്കാറുണ്ട്.
ഇഷ്ടമാണെനിക്ക്.
ആശംസകള്‍.