Wednesday, December 31, 2008

വിട പറയും മുന്‍പേ.

സമയം സന്ധ്യ കഴിഞ്ഞു. പ്രാര്‍ഥനക്കായി ഞങ്ങളുടെ പള്ളിയിലെ മണി മുഴങ്ങുന്നു. ഈ വര്‍ഷം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇനി ഒരിക്കലും തിരിച്ചുവരാന്‍ കഴിയാതെ 2008 എന്നന്നേക്കുമായി വിടപറയാന്‍ ഒരുങ്ങുന്നു. ആകെക്കൂടെ മനസ്സിലൊരു പ്രയാസം. അമ്മ വന്ന് മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന തുടങ്ങി. ഞാനും കൂട്ടത്തില്‍ പ്രാര്‍ഥനക്കായി ഇരുന്നു. കഴിഞ്ഞവര്‍ഷം എനിക്കുണ്ടായ സന്തോഷങ്ങളും, ദുഃഖങ്ങളുമെല്ലാം ഒരു നിമിഷം ഓര്‍ത്തു. ഓരോന്നും ഒരു സിനിമയിലെ രംഗങ്ങള്‍പോലെ മനസ്സിലൂടെ കടന്നുപോയി. ദുഃഖകരമായ അനുഭവങ്ങള്‍ ഓരോന്നും മനസ്സിലൂടെ കയറിയിറങ്ങി. പലരുടേയും വേര്‍പാട്, പരിചിതരുടെ രോഗങ്ങള്‍, കൂട്ടുകാരുടെ സാമ്പത്തിക പ്രതിസന്ധികള്‍,സ്വന്ത ജീവിതത്തിലുണ്ടായ പല പ്രശ്നങ്ങള്‍ അങ്ങനെ പലതും. മനസ്സിന്റെ കോണില്‍ എവിടെയോ ഒരു വിങ്ങല്‍. സന്തോഷകരമായ അനുഭവങ്ങള്‍ മനസ്സിന് അല്‍പ്പം ആശ്വാസം നല്‍കി. എന്റെ വിവാഹം, പുതിയ സുഹൃത്തുക്കള്‍ , ബ്ലോഗിലേക്കുള്ള കടന്നുവരവ്, അതുവഴി കിട്ടിയ ഒരുപറ്റം സ്നേഹിതര്‍ അങ്ങനെ ഒരുപാട്. പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട് സന്തോഷകരമായ അനുഭവങ്ങള്‍ നമുക്ക് ഉണ്ടാകുമ്പോള്‍ അത് ഒരിക്കലും അവസാനിക്കരുതേ എന്ന്, എന്നാല്‍ ആ സമയത്തെ നമുക്ക് പിടിച്ചുനിര്‍ത്താനാവില്ലല്ലോ. ഇതിനോടനുബന്ധിച്ച് എവിടെയോ വായിച്ച ഒരു കഥ ഞാനോര്‍ക്കുന്നു. ഒരു രാജാവ്,അദ്ദേഹത്തിന്റെ കയ്യില്‍ ഒരു മുദ്രമോതിരമുണ്ടായിരുന്നു,സന്തോഷം വന്നാലും സന്താപം വന്നാലും ,പ്രശ്നങ്ങള്‍ വന്നാലും,പ്രതിസന്ധി വന്നാലും എല്ലാം അദ്ദേഹം ആ മോതിരത്തിലേക്ക് നോക്കും. ആ മോതിരത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു “ഇതും കടന്നുപോകും”.നമുക്കെല്ലാവര്‍ക്കും ഒരുപാട് പ്രതീക്ഷകളുണ്ട്, പ്രശ്നങ്ങളുണ്ട്,സന്തോഷങ്ങളുണ്ട്, സന്താപങ്ങളുണ്ട്, പക്ഷേ അതെല്ലാം കടന്നുപോകും എന്ന് ഈ കഥ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.സമയം ഒരിക്കലും ആര്‍ക്കുവേണ്ടിയും,ഒന്നിനുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് കടന്നുപൊയ്ക്കോണ്ടിരിക്കുന്ന2008 നെ നന്ദിയോടെ നമുക്ക് യാത്രയയ്ക്കാം. പുതിയ വര്‍ഷത്തെ സന്തോഷത്തോടെ വരവേല്‍ക്കാം. സമയത്തെപ്പോലെ വിലയേറിയതായി ഒന്നും നമ്മുടെ ജീവിതത്തിലില്ല എന്ന് മനസ്സിലാക്കി പുതിയ വര്‍ഷത്തില്‍ നമുക്ക് ലഭിക്കുന്ന ഒരോ നിമിഷവും നമ്മുടെ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങളാണെന്ന തിരിച്ചറിഞ്ഞ് നല്ലകാര്യങ്ങള്‍ക്കായി അത് വിനിയോഗിക്കാം.

പുതിയ വര്‍ഷം എല്ലാവര്‍ക്കും നന്മയുടേയും, സന്തോഷത്തിന്റേയും നാളുകളാകട്ടെ എന്നാശംസിക്കുന്നു.

8 comments:

ഷിജു said...

എല്ലാവര്‍ക്കും ഐശ്വര്യത്തിന്റേയും സ്നേഹത്തിന്റേയും ഒരു പുതുവത്സരം ആശംസിക്കുന്നു.

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

ഷിജുവിനും കുടുംബത്തിനും പുതുവത്സരം ഐശ്വര്യങ്ങൾ മാത്രം നൽകട്ടേ എന്നു പ്രാർഥിക്കുന്നു

പകല്‍കിനാവന്‍ | daYdreaMer said...

Wish You & Family a Very Happy New Year..

മുസാഫിര്‍ said...

പുതുവര്‍ഷാശംസകള്‍ !

ജഗ്ഗുദാദ said...

Happy New Year


Sasneham
Jaggu Daada

yousufpa said...

വരാനിരിക്കുന്ന നല്ല നാളേയ്ക്ക് വേണ്‍ടി പ്രത്യാശയോടെ കാത്തിരിക്കാം.നവവത്സരാശംസകള്‍.

ഷിജു said...

ഇതുവഴി വന്ന എല്ലാര്‍ക്കും നന്ദി നന്ദി നന്ദി.....

ഒരിക്കല്‍കൂടി പുതുവത്സരാശംസകള്‍.....