Wednesday, April 8, 2009

സിജിമോള്‍ .. .. ..

22വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ജൂണ്മാസം ഒന്നാം തീയതി. മധ്യവേനലവധി കഴിഞ്ഞ് അന്നാണ് ഞങ്ങടെ സ്കൂള്‍ തുറക്കുന്നത്. രാവിലെ തന്നെ മഴ തകര്‍ത്ത് പെയ്യുന്നുമുണ്ട്. പുതിയ യൂണിഫോമും, സ്കൂള്‍ബാഗും, കുടയും, റെയിന്‍ കോട്ട് ഇവയെല്ലാം ധരിച്ച് സ്കൂളിലേക്ക് പോകാന്‍ ഞാനും തയ്യാ‍റായി. ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് എന്റെ സഹോദരനും ചിരിപ്പൂക്കള്‍ എന്ന ബ്ലോഗിന്റെ ഉടമയുമായ ഷിനുച്ചാന്‍ വാതില്‍ തുറന്നത്. മോനേ ഇവിടുത്തെ കൊച്ചുമോന്‍ സ്കൂളില്‍ പോകുമ്പോ ഇവളേയും കൂടെ കൊണ്ട് പോകാന്‍ പറയണേ എന്ന് പറയുന്നത് കേട്ട് ഞാനും അവിടേക്ക് ചെന്നു. അവിടെ ഒരമ്മയും മകളും നില്‍ക്കുന്നു. ആരാ അച്ചായാ അത് പുറകെ വന്ന എന്റെ മൂത്ത ചേട്ടന്‍ ഷിബുച്ചാനോട് ഞാന്‍ രഹസ്യത്തില്‍ തിരക്കി. നിനക്കറിയില്ലേ ഇതാണ് പൊന്നമ്മ ചേച്ചി, നമ്മുടെ അപ്പുറത്തെ വീട്ടിലെ ലക്ഷ്മി അമ്മൂ‍മയുടെ സഹോദരന്റെ ഭാര്യയും മകളുമാണ്. ഇവര്‍ ബോംബയിലായിരുന്നു,ഈയിടക്ക് നാട്ടില്‍ വന്നതേയുള്ളൂ.. ഞാന്‍ ഒന്നുകൂടി അവരെ സൂക്ഷിച്ച് നോക്കി. മധ്യവയസ്കയായ ഒരമ്മ, ആ അമ്മയുടെ കൈയ്യില്‍ പിടിച്ച്കൊണ്ട് നില്‍ക്കുകയായിരുന്നു ആ കുട്ടി.മുടി രണ്ട് വശത്തേക്കും പിന്നിയിട്ട് അതില്‍ ഓരോ ചുവന്ന റിബണും കെട്ടി കണ്ണെഴുതി പൊട്ടുംതൊട്ട് തോളില്‍ ഒരു ബാഗും കഴുത്തില്‍ ഒരു വാട്ടര്‍ബോട്ടിലുമായി അവള്‍ നില്‍ക്കുന്നു.
പേരെന്താ ? ചേട്ടന്‍ ചോദിച്ചു. സിജിമോള്‍..... അവള്‍ പറഞ്ഞു.അന്നാണ് ഞാന്‍ ആദ്യമായി സിജിമോളെ കാണുന്നത്. അന്നുമുതല്‍ ഞാനും,അവളും നല്ല കൂട്ടുകാരായി. പിന്നീട് നേഴ്സറി സ്കൂളിലേക്ക് ഒരുമിച്ചുള്ള യാത്രകള്‍. എന്റെ കസിനായ ആനിടീച്ചറായിരുന്നു ഞങ്ങളെ എന്നും സ്കൂളിലേക്ക് കൊണ്ട്പോയിരുന്നത്.കുറച്ച് നാളുകള്‍ക്ക് ശേഷം സിജിമോളും, അനുജത്തിയും അവരുടെ അമ്മയും കൂടി മറ്റൊരുവീട് വാങ്ങി അവിടേക്ക് താമസം മാറീ. പിന്നീട് ആ പരിസരത്തുള്ള കൂട്ടുകാരുമായിട്ടാരുന്നു അവളുടെ സ്കൂള്‍ യാത്രകള്‍. എങ്കിലും ഞങ്ങടെ സുഹൃത്ത് ബന്ധത്തിന് ഒരു കോട്ടവും സംഭവിച്ചില്ലായിരുന്നു.അങ്ങനെയിരിക്കുമ്പോഴാണ് വിധിയുടെ വിളയാട്ടം ആ കുടുംബത്തില്‍ ആഞ്ഞടിച്ചത്. ബോംബെയിലായിരുന്ന സിജിമോളുടെ അച്ഛ്ന് ഒരു ഹാര്‍ട്ടറ്റാക്ക്, ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും പൊന്നമ്മചേച്ചിയേയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളേയും അനാഥരാക്കിക്കൊണ്ട് അദ്ദേഹം ഈ ലോകം വിട്ട്പോയിരുന്നു.അപ്രതീക്ഷിതമായ ആ വിയോഗം ആ കുടുബത്തെ ആകെ തളര്‍ത്തി.
പറക്കമുറ്റാത്ത രണ്ടു പെണ്‍കുട്ടികളുടേയും,ഒരമ്മയുടേയും ജീവിതം ഒരു ചോദ്യ ചിഹ്നമായി മാറി. നല്ല നിലയില്‍ വളര്‍ന്നുവന്ന ആ കുടുംബത്തില്‍ പട്ടിണി എന്നും പതിവായി.അങ്ങനെയാണ് അവളുടെ അമ്മ വീടുകള്‍ തോറും കൂലിപണിക്കായി പോയിത്തുടങ്ങിയത്. പഠിത്തത്തില്‍ സമര്‍ത്ഥരാ‍യിരുന്നു സിജിയും അവളുടെ അനുജത്തി മിനിയും. എന്ത് ത്യാഗം സഹിച്ചും മക്കളെ പഠിപ്പിക്കണമെന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. അങ്ങനെ കാലം മുന്നോട്ട് പോയി. കുട്ടികള്‍ വളര്‍ന്നു, അവരുടെ ഭാവിയോര്‍ത്ത് ആ അമ്മ നെടുവീര്‍പ്പിടാന്‍ തുടങ്ങി.അകാലത്തില്‍ പൊലിഞ്ഞ് പോയ ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍,അപ്രതീക്ഷിതമായി ഏറ്റെടുക്കേണ്ടി വന്ന ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ എല്ലാം എല്ലാം ആ അമ്മയുടെ മനസ്സിന്റെ താളം തെറ്റിച്ചു.വിധിയെ മാറ്റിമറിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ, ദിനം ചെല്ലുന്തോറും ആ അമ്മ ഒരു മുഴു ഭ്രാന്തിയായി മാറി. ചികത്സയ്ക്ക് പണമില്ലാതെ രണ്ടു പെണ്‍കുട്ടികളും വലഞ്ഞു. എങ്കിലും പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്ന സിജി പരിസരങ്ങളിലുള്ള കൊച്ച് കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്ത് അമ്മയെ ചികിത്സിക്കാനും തങ്ങളുടെ പഠനത്തിനുള്ള വകയും ഉണ്ടാക്കി പോന്നു.

പ്രീഡിഗ്രിയുടെ റിസള്‍ട്ട് വന്നു. സിജിക്ക് എല്ലാ വിഷയങ്ങള്‍ക്കും 75% കൂടുതല്‍ മാര്‍ക്ക്.ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും അവള്‍ എന്റ്റന്‍സ് പരീക്ഷക്ക് അപേക്ഷിച്ചിരുന്നു അവസാനം അതിലും അവള്‍ക്ക് നല്ലവിജയം നേടാന്‍ സാധിച്ചു. അങ്ങനെ ഒരുപാട് പ്രതീക്ഷകള്‍ ഉള്ളിലൊതുക്കി അവള്‍ കോട്ടയം എഞ്ചിനീറിംഗ് കോളേജിലെ തന്റെ ഉപരി പഠനം ആരംഭിച്ചു. കോട്ടയത്ത് പഠിക്കുന്ന കാലത്തു ഇടക്ക് നാട്ടില്‍ വരാറുണ്ടായിരുന്നു, ഇടക്ക് എന്നെ ഫോണില്‍ വിളീച്ച് അവരുടെ വീട്ടിലെ വിശേഷങ്ങള്‍ തിരക്കാറുമുണ്ടായിരുന്നു.ഈ കാലഘട്ടത്തില്‍ തന്നെ അവളുടെ അമ്മയുടെ രോഗവും മൂര്‍ശ്ചിച്ച് വന്നു, വീട്ടില്‍നിന്ന് ആരോടും പറയാതെ ഇറങ്ങി പോകുക, മിനിയുടെ പാഠപുസ്തകങ്ങളും ,തുണികളും തീയിടുകയും ഒക്കെ ചെയ്യുന്ന പ്രവണത കൂടീ കൂടി വന്നു. ചികത്സ്ക്ക് പണമില്ലാതെ തളരുന്ന അവസ്ഥ, നിത്യവൃത്തിക്കുപോലും വകയില്ല. ഈ അവസരത്തില്‍ സിജിക്കും പിടിച്ച് നില്‍ക്കാനായില്ല. അവസാനവര്‍ഷ പരീക്ഷക്ക് മുന്‍പ് സിജിയുടേയും മനസ്സിന്റെ താളം തെറ്റാന്‍ തുടങ്ങി. പരീക്ഷ എഴുതാനാവാതെ അവളും ഒരു മനോരോഗിയായി മാറി. അകന്ന ബന്ധുക്കളാരോ അവളെ ഒരു മെന്റല്‍ ഹോസ്പിറ്റലിലാക്കി, അവിടുത്തെ ഒരു മാസത്തെ ചികത്സമൂലം രോഗത്തിന് അല്‍പ്പം കുറവുണ്ടായി എങ്കിലും സിജിയുടെ അവസ്ഥ ആകെ മാറി. മുമ്പ് എല്ലാരൊടും സംസാരിക്കാറുണ്ടായിരുന്ന,പുഞ്ചിരിക്കുന്ന മുഖമുള്ള ആ കുട്ടി ഇന്നുവരെ ചിരിച്ചിട്ടില്ല. പഠനം ഉപേക്ഷിച്ചു. ബന്ധുക്കള്‍ പരീക്ഷ എഴുതാന്‍ നിര്‍ബന്ധിച്ചെങ്കിലും അവള്‍ തയ്യാറായില്ല അല്ലെങ്കിലും കുറഞ്ഞ കാലയളവിനുള്ളീല്‍ ഇത്രയേറെ ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന ആ ജീവിതത്തിന് എന്ത് പരീക്ഷ? . ഇതിനിടയില്‍ സിജിയുടെ അമ്മയുടെ രോഗം കൂടുതല്‍ വഷളായി., വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ ആ സ്ത്രീ ഉന്മാദത്തിന്റെ ഏതോ അവസ്ഥയില്‍ അച്ചങ്കോവിലാറിനു കുറുകെ നടക്കാന്‍ ശ്രമിച്ച് മൃതിയടഞ്ഞു,
ഇതോടെ സിജിയും സഹോദരിയും തീര്‍ത്തും അനാഥരായി, സിജിക്ക് ഒരു മാറ്റവുമില്ലാതെ ഓരോ ദിവസവും കടന്നു പോയി.ട്യൂഷന്‍ എടുക്കാറുണ്ടായിരുന്ന സിജി ആരോടും മിണ്ടാറില്ല, എങ്ങും പോകാറില്ല, ക്രമേണ ആ കുടുംബ ഭാരം മിനിയുടെ ചുമലിലായി.ഇതിനിടയില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ മിനി ജോലിക്കായി ഒരു കൂട്ടുകാരിയുടെ കൂടെ ഡല്‍ഹിക്ക് പോയി.ഇതോടെ സിജി ഒറ്റക്കായി. പകല്‍ സമയം അവരുടെ വീട്ടില്‍ ഒറ്റക്കിരിക്കാറുള്ള സിജി സന്ധ്യ ആകുമ്പോള്‍ ഏതെങ്കിലും ബന്ധുവീടുകളില്‍ പോയി കിടക്കും.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞയാഴ്ച്ച സിജിയുടെ രോഗം അപ്രതീക്ഷിതമായി വഷളായത്. സിജി അവളുടെ വസ്ത്രങ്ങള്‍ ഓരോന്നായി ഊരി മാറ്റി വിവസ്ത്രയായി റോഡില്‍ക്കൂടി ഇറങ്ങി ഓടാന്‍ തുടങ്ങി. അവസാനം ഞങ്ങളുടെ അടുത്തവീടുകളിലെ ചേച്ചിമാരെല്ലാം കൂടി ഓടിവന്ന് സിജിയെ ബലമായി വസ്ത്രം ധരിപ്പിച്ചു. ആരൊരും ഏറ്റെടുക്കാനില്ലാത്ത സിജിമോളെ പോലീസിന്റെ സഹായത്തോടെ അടുത്തുള്ള മെന്റല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച്ചത്തെ ചികത്സക്കുശേഷം സിജിമോളുടെ രോഗത്തിന് അല്‍പ്പം ശമനമുണ്ടായി. ഇതിനിടക്ക് അറിയാവുന്ന സുഹൃത്ത് ബന്ധങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും സംഘടനകള്‍ സിജിയെ ഏറ്റെടുക്കാന്‍ തയ്യാറാകുമോ എന്നും ഞാന്‍ അന്വേഷിച്ചു. അവസാനം എന്റെ ഒരു കസിനും +2 അദ്ധ്യാപകനുമായ ജോണ്‍സന്റെ ചാരിറ്റബിള്‍ സൊസൈറ്റി വഴി കൊല്ലം ജില്ലയിലെ പുനലൂരിനടുത്തുള്ള വിളക്കുടി എന്ന പ്രദേശത്തെ ‘സ്നേഹതീരം‘ എന്ന ഒരു സ്ഥാപനം സിജിയെ ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. സ്നേഹ നിധിയായ ഒരു സിസ്റ്റ്റാണ് സ്നേഹതീരത്തിന്റെ ചുമതല വഹിക്കുന്നത്.അങ്ങനെ ഇന്നലെ സിജിമോളെ ആ സ്നേഹതീരത്തില്‍ ഞങ്ങള്‍ കൊണ്ടുചെന്നാക്കി. ആ സ്നേഹഭവനത്തില്‍ പ്രായഭേദമെന്യേ സിജിയെപ്പോലെയുള്ള മറ്റ് 93 സ്ത്രീകള്‍ക്കൂടിയുണ്ട്. ഇപ്പോള്‍ സിജിയും ഞങ്ങളും ഒരുപോലെ സംതൃപതരാണ് കാരണം ഇനിയെങ്കിലും സിജിക്ക് നല്ല ഒരു ഭാവി ഉണ്ടാവുമല്ലോ?.
യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഗേറ്റിനരികില്‍ വരെ സിസ്റ്ററോടൊപ്പം വന്ന സിജിയുടെ മുഖത്തെ ആ പുഞ്ചിരി ഇപ്പോഴും മനസ്സില്‍നിന്ന് മായാതെ നില്‍ക്കുന്നു.....

21 comments:

ഷിജു said...

അല്ലെങ്കിലും കുറഞ്ഞ കാലയളവിനുള്ളീല്‍ ഇത്രയേറെ ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന ആ ജീവിതത്തിന് എന്ത് പരീക്ഷ?

ധൃഷ്ടദ്യുമ്നന്‍ said...

ദുരന്തങ്ങളും ദുരിതങ്ങളും എല്ലാ ജീവജാലങ്ങളും അനുഭവക്കണ്ടതാണു.. പല ഭാവങ്ങളിലും തലങ്ങളിലും ആയിരിക്കുമെന്ന് മാത്രം..രക്ഷപെടാനുള്ള ഏക മാർഗ്ഗം മറ്റുള്ളവരുമായി അത്‌ പങ്കു വെയ്ക്കുക എന്നതുമാത്രമാണു..അതിനും അവസരം ഇല്ലങ്കിൽ മനസ്സ്‌ ഭ്രാന്തമാകും...ഹൃദയത്തിൽ തട്ടി..നല്ല എഴുത്ത്‌..ആശംസകൾ

സാജന്‍| SAJAN said...

ഷിജു, വായിച്ച് കണ്ണു നിറഞ്ഞുപോയി, അസുഖമെല്ലാം ഭേദമായി ആ കുട്ടി തിരിച്ചു വന്ന് തിരികെ ജീവിതത്തിലേക്ക് പ്രവേശിക്കട്ടെ എന്നാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
നിസഹയരായ നമുക്ക് അതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍ കഴിയും?

ശ്രീ said...

വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്താ പറയുക... അല്ലേ ഷിജുച്ചായാ? അതല്ലെങ്കില്‍ അത്തരം ഒരു കുടുംബത്തിനു നേരിടേണ്ടി വരുമായിരുന്നോ ഇതു പോലെയുള്ള ദുരന്തങ്ങള്‍?

സിജിമോളുടെ അസുഖമെങ്കിലും വേഗം ഭേദമാകട്ടെ എന്നു പ്രാര്‍ത്ഥിയ്ക്കാം.

Appu Adyakshari said...

ഷിജു, അവളുടെ ഓര്‍മ്മകള്‍ എഴുതിവച്ച ഈ പോസ്റ്റ് എന്നും ഇവിടെയുണ്ടായിരിക്കട്ടെ. അവളുടെ രോഗം വേഗം ഭേദമാകും എന്നുതന്നെ പ്രതീക്ഷിക്കാം.

ഒരു തിരുത്ത്, അവരുടെ അച്ഛന്‍ മരിച്ചത് ബോംബെയില്‍ വച്ചാ‍യിരുന്നില്ല. അവധിക്ക് നാട്ടില്‍ വന്നപ്പോഴായിരുന്നു. ഞാന്‍ സൌദിയ്ലേക്ക് പോകുന്നതിന്റെ വിസ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ ബോംബെയ്ക്ക് പോകുവാന്‍ പരിചയമുള്ള ഒരാളെ അന്ന് അന്വേഷിച്ചപ്പോള്‍ ഇദ്ദേഹത്തൊടൊപ്പം പോകുവാനാണ് പ്ലാന്‍ ചെയ്തിരുന്നത്. പിറ്റേ ആഴ്ചയില്‍ പോകുവാന്‍ ട്രെയിന്‍ ടിക്കറ്റും എടുത്തിരുന്നതാണ്. പക്ഷേ ഒരു ദിവസം രാവിലെ ഒരു ചെറിയ നെഞ്ചുവേദന വന്നു, വലിയ കൂടുതലൊന്നും ഇല്ലായിരുന്നു. ഒരു ഓട്ടോറിക്ഷയില്‍ അവര്‍ ഭാര്യയും ഭരത്താവും കൂടിയാണ് ആശുപത്രിയിലേക്ക് പോയത്. ഞാനിപ്പോഴും ആരംഗം നന്നായി ഓര്‍ക്കുന്നുണ്ട്. കുറേക്കഴിഞ്ഞ മരണവാര്‍ത്തയാണ് വീട്ടിലെത്തിയത്...

ഇത്രയും ക്രൂരമായി വിധിപെരുമാറിയ ഒരു കുടുംബത്തെകണ്ടിട്ടില്ല.. പാവം.

ജിജ സുബ്രഹ്മണ്യൻ said...

സിജി മോളുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.വിധിയുടെ കൈയ്യിലെ വിളയാട്ടു പമ്പരങ്ങളായി പോയ അവരുടെ ജീവിതം.പാവം മിനി .എല്ലാം സഹിക്കാൻ ഈശ്വരൻ അവർക്കു ശക്തി നൽകട്ടെ.

കുഞ്ഞന്‍ said...

ഷിജൂട്ടാ..എന്താ പറയേണ്ടത്..? പാവം...എത്രയും പെട്ടന്ന് സാധാരണ മനോനിലയിലേക്ക് സിജിമോള്‍ എത്തപ്പെടട്ടെ, അവരെ ഒരു സുരക്ഷിത സ്ഥലത്ത് എത്തിച്ച ഷിജിവിനും ആ അദ്ധ്യപകനും നല്ലത് ലഭിക്കട്ടെ, നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍..!

പൊയ്‌മുഖം said...

Veendum oru Durantha Katha koodi.

Anil cheleri kumaran said...

പാവം സിജി..

അലസ്സൻ said...

ഷിജു,
ആ കുടുംബത്തിന്റെ അവസ്ഥ അലോചിച്ചിട്ട്‌ കണ്ണു നിറഞ്ഞുപോകുന്നു. വിധി ചില വീട്ടുകാരോട്‌ ഇത്ര ക്രൂരത കാണിക്കുന്നത്‌ എന്താൺ? കാരണം ആർക്കറിയാം. എന്തായാലും ഷിജുവിനേകൊണ്ട്‌ ചെയ്യാവുന്ന ഒരു നല്ല കാര്യം ചെയ്തു. മനുഷ്യപറ്റുള്ള ഇത്തരം കുറച്ച്‌ ആളുകൾ ഓരോ ദേശത്തും ഉണ്ടായിരിക്കുവാൻ ആഗ്രഹിക്കുന്നു.അണ്ണാങ്കുഞ്ഞിനും തന്നാലായത്‌. ആശംശകൾ! അഭിനന്ദനങ്ങൾ!!

കാട്ടിപ്പരുത്തി said...

വായിച്ചു മനസ്സു നീറുന്നു- സ്നേഹതീരത്തിന്റെ സ്നേഹം - ഇങ്ങിനെ ചില പച്ചപ്പുകള്‍ ഇല്ലാതിരുന്നെങ്കില്‍ എന്താവുമായിരുന്നു

ഷിജു said...

ധൃഷ്ട്ദ്യുമനാ,
ആദ്യമായി വന്നു കമന്റിയതിന് നന്ദി.
താങ്കള്‍ പറഞ്ഞതിനോട് ഞാ‍ന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.
സാജന്‍ച്ചായാ: തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം, പക്ഷേ പലപ്പോഴൂം പ്രാര്‍ഥനക്കതീതമായി നമ്മുടെ സഹായവും അവര്‍ക്ക് വേണ്ടിവന്നേക്കാം.
ശ്രീ: തീര്‍ച്ചയായും വിധിയുടെ വൈപരീത്യം തന്നെ, അപ്പുവേട്ടന്‍ പറഞ്ഞതുപോലെ ഇത്രയും ക്രൂരമായി വിധിപെരുമാറിയ ഒരു കുടുംബത്തെകണ്ടിട്ടില്ല.
അപ്പുവേട്ടാ നന്ദി, കമന്റിനും,തിരുത്തലിനും:)
കാന്താരിചേച്ചി: സിജിമോളെ സ്നേഹതീരത്തില്‍ കൊണ്ട് ചെന്നാക്കിയപ്പോള്‍ മിനിയും വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു.
കുഞ്ഞേട്ടാ: വളരെ നന്ദി, എന്നാലും അഭിനന്ദനങ്ങളേക്കാള്‍ ഉപരിയായി സിജിമോള്‍ക്ക് ഒരു നല്ലഭാവിയുണ്ടാകാന്‍ സര്‍വ്വശക്തന്‍ എന്നേയും ഒരു കരുവാക്കിയല്ലോ എന്നോര്‍ക്കുംപ്പോള്‍ സന്തോഷമുണ്ട്.
പൊയ്മുഖം: ദുരന്തങ്ങളും ദു:ഖങ്ങളും എത്രയേറെ ജിവിതത്തില്‍ ഇനിയും കാണാനിരിക്കുന്നു ???.
കുമാരന്‍: നന്ദി.
അലസ്സന്‍: വായനക്കും, കമന്റിനും വളരെ നന്ദി.
കാട്ടിപ്പരുത്തി: സന്തോഷം,നന്ദി.......

ചിരിപ്പൂക്കള്‍ said...

വിധിയെ മാറ്റിമറിക്കാന്‍ ആര്‍ക്കു സാധിക്കും.
റിയല്‍ ലൈഫ് ചിത്രീകരിച്ചിരിക്കുന്നതില്‍ അങ്ങേയറ്റം വിജയിച്ചിരിക്കുന്നു. സിജിമോളേയും കുടുംബത്തേയും സഹായിക്കാന്‍ നീ കാണിച്ച സുമനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
അവള്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ.

G.MANU said...

വിഷമിപ്പിച്ചല്ലോ മാഷേ

സിജി ഒരു നൊമ്പരമായി മനസില്‍..
എല്ലാം നന്നാവട്ടെ എന്ന്......

Unknown said...

"അല്ലെങ്കിലും കുറഞ്ഞ കാലയളവിനുള്ളീല്‍ ഇത്രയേറെ ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന ആ ജീവിതത്തിന് എന്ത് പരീക്ഷ?"

വായിച്ചിട്ട് കഥയാണോ ജീവിതമാണോ ,വല്ലാത്ത ഒരു അവസ്ഥ .ആരുമില്ലാത്ത അവസ്ഥയില്‍ മനസ്സിന്‍റെ ധൈര്യം അല്ലാതെ ദൈവം പോലും കൂട്ടിനുണ്ടാകില്ല .ആ അവസ്ഥയില്‍ ഒന്നുകില്‍ ആത്മഹത്യാ ചെയ്യും അല്ലെങ്കില്‍ സമനില തെറ്റും അതും അല്ലാത്തവര്‍ കഠിന മനസ്സോടെ ഒരു ലക്ഷ്യത്തിലെതുകയും ചെയ്യും അനുഭവങ്ങളില്‍ പാകപെട്ട മനസ്സ് പിന്നീട് എവിടെയും തകരില്ല

ഷിജു എന്‍റെ ബ്ലോഗ്ഗില്‍ വന്നു സ്പെയിനിലെ കാഴ്ചകള്‍ കണ്ടതിനും കമെന്റ് ഇട്ടതിനും നന്ദി .ആ ബ്ലോഗ്ഗ് ഞാന്‍ പുതിയ ബ്ലോഗ്ഗിലേക്ക്‌ മാറ്റി ഞാന്‍ കണ്ട കാഴ്ചകള്‍ എന്ന പേരില്‍ ലിങ്ക് ഇവിടെ
തീര്‍ച്ചയായും അവിടെ വരുമല്ലോ കാഴ്ചകള്‍ കാണാന്‍
സ്നേഹത്തോടെ സജി

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ സുഹൃത്തേ... ഒരു കമെന്റിലൂടെയാ ഞാന്‍ ഇവിടെ എത്തിയത്...
വല്ലാതെ നൊമ്പരപ്പെടുത്തി... വേഗം സിജി സുഖപ്പെടട്ടെ...

അഭിവാദ്യങ്ങള്‍..

ഷിജു said...

ജോലിയുടെ ഭാഗമായി ഇത്തിരി തിരക്കിലായിരുന്നു, അതിനാല്‍ ഇവിടേക്ക് ഒന്നു വരാന്‍ തീരെ സമയം കിട്ടിയിരുന്നില്ല,
നിരഞ്ജേട്ടാ നന്ദി, വന്നതിനും കമന്റിനും.
മനുച്ചേട്ടാ,സിജി ഇപ്പോഴും ഞങ്ങളുടെ എല്ലാവരുടേയും മനസ്സില്‍ ഒരു നൊമ്പരമായി നില്‍ക്കുകയാണ്. കഴിഞ്ഞദിവസം സ്നേഹതീരവുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത് സിജിയുടെ നില വീണ്ടും മോശമായി എന്നാണ്,
സജി: ഞാനും എന്റെ ലോകവും എന്ന താങ്കളുടെ ബ്ലോഗ് വളരെ മനോഹരമാണ്, താങ്കളുടെ ഫോട്ടോസ് ഓരോന്നും മികച്ച നിലവാ‍ാം പുലര്‍ത്തുന്നു. ഇവിടേക്ക് വന്നതിനും കമന്റിനും താങ്ക്സ്.
പകല്‍ക്കിനാവന്‍: വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദിയുണ്ട്, സന്തോഷമുണ്ട്.

ജയതി said...

അങ്ങിനെ അപ്പുവിന്റെ കുഞ്ഞനിയനേയും കണ്ടു. നല്ല ഒഴുക്കുള്ള ഭാഷ. മനസ്സിലുള്ളത് ലളിതമായ ഭാഷയിൽ വളരെ കൃത്യമായി പ്രകടിപ്പിക്കാൻ കഴിയുന്നു. ആശംസകൾ

വായിച്ചത് കഥയല്ലെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ വ്യഥയുടെ പാരമ്യമായി ആ കുട്ടിയുടെ ഇപ്പോഴത്തെ സ്ഥിതികൂടി അറിഞ്ഞപ്പോൾ. ഈശ്വരൻ എന്തെങ്കിലും പരിഹാരം കാണിച്ചുതരും എന്ന് ആശ്വസിക്കാൻ പോലും ആകുന്നില്ലല്ലോ.
ശ്രീ & ശ്രീമതി ജയതി

nandakumar said...

അല്ലെങ്കിലും കുറഞ്ഞ കാലയളവിനുള്ളീല്‍ ഇത്രയേറെ ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന ആ ജീവിതത്തിന് ഇനിയെന്ത് ജീവിതപരീക്ഷകള്‍?

അവിശ്വസനീയമായി തോന്നുന്നു ആ ജീവിതം!!

(സിജിയുടെ കാര്യത്തില്‍ സമയോജിചതായി ഇടപെടാനും നല്ലരീതിയില്‍ അതിനെ കൊണ്ടുചെന്നെത്തിക്കാനും കഴിഞ്ഞ ഷിജുവിന്റെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു. ആ വിഷയത്തില്‍ പുറം തിരിഞ്ഞുനില്‍ക്കുകയും ഷിജുവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ചില രാഷ്ട്രീയക്കാരെക്കൂടി ഒന്നു പരാമര്‍ശിക്കായിരുന്നു. എല്ലാവരും അറിയണമല്ലോ ആ ‘ജനസേവക‘രുടെ സാമൂഹ്യ പ്രതിബദ്ധത!!)

ജഗ്ഗുദാദ said...

ഷിജു

അഗതികളായ ആളുകള്‍ക്ക്‌ ആശ്വാസം നല്കുന്ന ആ സ്ഥാപനത്തിന്റെയും, നല്ല മനസുല്ല്ല താങ്കളുടെ ബ്ലോഗ്ഗിന്റെയും പേരു 'സ്നേഹതീരം' എന്ന് തന്നെ ആയതു, യാദ്രിചികം ആയിരിക്കാന്‍ ഒരു വഴിയുമില്ല. താങ്കളുടെ നല്ല മനസിനെ അഭിനന്ദിക്കുന്നു. പിന്നെ ആ കുട്ടിയുടെ ബന്ധുക്കളും മറ്റും ഇതൊന്നും അന്വേഷിക്കില്ലെ? ഒരു സഹോദരി ഉണ്ടന്നല്ലേ പറഞ്ഞതു, അതിന്റെ പഠനവും ജീവിതവും എങ്കിലും ഇതുപോലെ ആകാതെ നമുക്കു നോക്കാം.. ഇതു എവിടെ ആയിട്ട് വരും? കിഴക്കേ പള്ളിയുടെ അടുത്താണോ? അതോ തൊണ്ട് കണ്ടതിനു ഇപ്പുറം ആണോ?

കുക്കു.. said...

വായിച്ചു തുടങ്ങിയപ്പോള്‍ കഥ ആയിരിക്കും..എന്ന് കരുതി....എന്നാല്‍ ഇത് ജീവിതകഥ എന്ന് അറിഞ്ഞപ്പോള്‍ വിഷമം ആയി.....

സിജി മോള്‍ എത്രയും പെട്ടന്ന് ജീവിതത്തില്ലേക്ക് തിരിച്ചു വരട്ടെ എന്ന് ആഗ്രഹിക്കുന്നു.....