Sunday, August 23, 2009

വിജയന്‍

കഴിഞ്ഞദിവസം ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു വിജയനെ കണ്ടുമുട്ടിയത്. എന്റെ കൂടെ മൂന്ന് കൂട്ടുകാരുംകൂടിയുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ വിജയന് സന്തോഷമായി. കുറെനേരം ഞങ്ങള്‍ പരസ്പ്പരം നോക്കിനിന്നു. കൂട്ടുകാര്‍ക്കെല്ലാം വിജയനെപ്പറ്റിയെ പറയാനുണ്ടായിരുന്നുള്ളൂ. യാത്രപറഞ്ഞ് പിരിയുന്നതിനുമുന്‍പ് ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോഴേക്കും ആള്‍ ആകെ ഉഷാറായി . പിന്നീട് ഫോട്ടോ സെക്ഷന്‍ :

ദാ ഇവിടെ:






Sunday, August 9, 2009

പുനർജന്മത്തിലെ അഞ്ചാം ‘പിറന്നാള്‍’

ഇന്ന് എന്റെ ബ്ലോഗിന്റെ ഒന്നാം വാര്‍ഷികം. ഈ ഒരു വര്‍ഷത്തിനിടക്ക് ബ്ലോഗില്‍ക്കൂടി പരിചയപ്പെടാന്‍ കഴിഞ്ഞ എല്ലാവരോടും സ്നേഹവും ബഹുമാനവും അറിയിച്ചുകൊണ്ട് ഒരിക്കല്‍ക്കൂടി മരണത്തോടു മുഖാമുഖം എന്റെ ആദ്യ പോസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഇവിടെ പ്രസിദ്ധീകരിക്കുമ്പോള്‍ സര്‍വ്വശകതനായ ദൈവത്തിനും, എന്റെ മാതാപിതാക്കള്‍ക്കും,എന്റെസഹോദരങ്ങള്‍ക്കും, എന്റെ പ്രിയപ്പെട്ട് ഡോകടര്‍മാരായ ഡോ. ജഗന്‍ പുന്നൂസ്, ഡോ.ചെറിയാന്‍ കോവൂറ്,ഡോ സബിന്‍ വിശ്വനാഥ് എന്നിവര്‍ക്കും ,അകമഴിഞ്ഞ നന്ദി അറിയിച്ചുകൊണ്ട് ഒരിക്കല്‍ക്കൂടി....................


2004 ലെ ആഗസ്റ്റ് മാസം:

മൂന്നുവർഷത്തെ ഹോട്ടൽ മാനേജ് മെന്റ് കോഴ്സും, അതിനുശേഷം ഒരുവർഷത്തോളം നീണ്ട ജോലിയും കഴിഞ്ഞ് ദുബായിലെ നല്ല ഒരു ഹോട്ടലിൽ വിസയും കിട്ടി പോകുന്ന തീയതിയും പ്രതീക്ഷിച്ച് ഞാൻ വീട്ടിൽ കഴിയുന്ന സമയം.

ആഗസ്റ്റ് രണ്ടാം തീയതി രാവിലെ വീട്ടിലെ ടെലഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ്‍ ഞാനുണർന്നത്. ഒന്നാമത് മറ്റു ജോലികളൊന്നുമില്ലാത്തതിനാൻ ഞാൻ താമസിച്ചേ ഉണരൂ. ഇതിപ്പോൾ ഏഴുമണിയായിട്ടേയുള്ളൂ. തുടരെയുള്ള ബെല്ലടി കേട്ട് BSNL കാരേയും വിളിക്കുന്നവനേയും എല്ലാം മനസ്സിൽ ചീത്തവിളിച്ച് കിടന്നിടത്തുനിന്നു എഴുന്നേറ്റ് വന്ന് ഞാന്‍ ഫോണ്‍ എടുത്തു. പുതച്ചിരുന്ന പുതപ്പ് അപ്പോഴും എന്റെ ദേഹത്ത് ഉണ്ടായിരുന്നു. മറുതലക്കലൽ സൌദിയിലുള്ള എന്റെ മൂത്ത ചേട്ടൻ ഷിബുച്ചായനായിരുന്നു. "എടാ ഞാനും ഷിനുവും കൂടി ആഗസ്റ്റ് 9ന്‍ വരും. നെടുംബാശ്ശേരിയിലാണ്‍ വരുന്നത്. ഉച്ചക്ക് 12.30ന്‍. നീ വിളിക്കാന്‍ വന്നേക്കണം“ ഇതുകേട്ടപ്പോഴേക്കും എന്റെ ഉറക്കമെല്ലാം പെട്ടെന്ന് മാറി, കാരണം നേരത്തേയുള്ള പ്ലാനനുസരിച്ച് 14ന്‍ വരാൻ ഇരുന്നവരാണ്‍ 9 ന്‍ വരുന്നത്. ഈ വരവിൽ, മറ്റൊരു കാര്യം കൂടിയുണായിരുന്നു. എന്റെ രണ്ടാമത്തെ ചേട്ടന്‍ ഷിനുച്ചായന്റെ (അദ്ദേഹവും സൌദിയിലാണ് ചെയ്യുന്നത്) വിവാഹം മിക്കവാറും ഉണ്ടാവും. അതിനുവേണ്ടിയുള്ള കാര്യങ്ങളും, ഒന്നുരണ്ടു പെണ്ണുകാണലുകളും നടത്തി വച്ചിരിക്കുകയാണ്. പുള്ളിവന്ന് ഇഷ്ടപ്പെടുന്നതൊന്ന് സെലക്റ്റ് ചെയ്യുകയേ വേണ്ടൂ. ആഗ്രഹങ്ങളും പ്ലാനുകളും മനസ്സിൽ കടന്നുവന്നപ്പോഴേക്കും ഉറക്കം പോയി.

അപ്പോഴാണ്‍ പപ്പാ എന്നോട് ഒരു കാര്യം ചോദിച്ചത്: “എടാ എങ്ങനെയാണ് അവരെ വിളിക്കാന്‍ പോകുന്നത്? വീട്ടിലെ കാറ് ചെറുതാണല്ലൊ? രണ്ടുപേരുടേയും കൂടി ലഗേജ്ജ് കൂടുതല്‍ ഉള്ളതിനാല്‍ അതിൽ യാത്ര ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ഒരു ടാക്സി വിളിക്ക്“.

ആ വിളിക്കാം

ഞാന്‍ പറഞ്ഞു. കുറെ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെയൊക്കെ കൂട്ടുകാരനും നാട്ടുകാരനുമായ ബിനുച്ചാന്‍ വീട്ടിൽ വന്നു. ഞാന്‍ നെടുംബാശ്ശേരിയില്‍ പൊകുന്ന വിവരം പറഞ്ഞപ്പൊള്‍ ബിനുച്ചാന്‍ പറഞ്ഞു ഷിജൂ ,എന്റെ ഒരു കൂട്ടുകാരന്‍ ക്വാളിസ് ഉണ്ട്, അവന്‍ വാടകക്ക് അത് കൊടുക്കാറുമുണ്ട്, നമുക്ക് അതെടുത്തുകൊണ്ട് പോകാം, ഞാന്‍ ഓടിച്ചോളാം. അതുകേട്ടപ്പോള്‍ എനിക്ക് എനിക്ക് കൂടുതല്‍ സന്തോഷമായി.കാരണം അതുംകൊണ്ട് പോയാല്‍ എനിക്കും കൂടി ഓടിക്കാമല്ലോ!!!. അങ്ങനെ തീരുമാനമായി. ദിവസങ്ങള്‍ ഓരോന്ന് കഴിഞ്ഞു, ആഗസ്റ്റ് 9 വന്നു, അന്നൊരു തിങ്കളാഴ്ച്ച ആയിരുന്നു. രാവിലെ 6മണി ആയപ്പോഴേക്കും ബിനുച്ചാന്‍ ബൈക്കില്‍ വീട്ടിലെത്തി.അപ്പോഴേക്കും ഞാനും റെഡിയായി നില്‍ക്കുകയായിരുന്നു.ഞങ്ങള്‍ രണ്ടുപേരുംകൂടി ബിനുച്ചാന്റെ ബൈക്കില്‍ വീട്ടിൽനിന്നും ഏഴുകിലോമീറ്റർ അകലെയുള്ള അടൂർ എന്ന ടൌണിലേക്ക് പോയി..അവിടെ കൂട്ടുകാരന്റെ വീട്ടില്‍ ബൈക്ക് വെച്ചിട്ട് ക്വാളിസ്സുമാ‍യി ഞങ്ങള്‍ നേരെ എയറ്പ്പോര്‍ട്ടിലേക്ക് തിരിച്ചു.

കൃത്യ സമയത്തു തന്നെ വിമാനം എത്തി.കുറച്ചുനേരം കാത്തു നില്‍ക്കേണ്ടി വന്നു രണ്ടുപേരും പുറത്തിറങ്ങിവരാന്‍ വേണ്ടി. ഒരു ചെറു പുഞ്ചിരിയോട് ദാ വരുന്നു രണ്ടുപേരും. ഷിബുച്ചാന്റെ ഭാര്യ ദീപചേച്ചിയും, കുഞ്ഞുങ്ങൾ ഉണ്ണിമോളും, മനുക്കുട്ടനും ഒരു മാസം മുന്‍പു തന്നെ നാട്ടില്‍ വന്നിരുന്നു.നാട്ടുവിശേഷങ്ങള്‍ ഒക്കെ പറഞ്ഞ് തമാശയും ചിരിയുമായി വീട്ടിലേക്ക് യാത്രതിരിച്ചു.

ആലപ്പുഴയിലുള്ള ഒരു റസ്സ്റ്റോറന്റില് ‍ കയറി ഉച്ചഭക്ഷണം.കുറെ കഴിഞ്ഞ് അവിടെ നിന്നും ഞങ്ങള്‍ വണ്ടി വിട്ടു. അഞ്ചുമണിയോടെ ഞങ്ങള്‍ വീട്ടിലെത്തി.എല്ലാർക്കും വലിയ സന്തോഷം.അതിനിടക്ക് അമ്മ എല്ലാവർക്കും ചായയും കൊണ്ടുവന്നു.ചായ കുടിച്ചു കഴിഞ്ഞ് ബിനുച്ചാന്‍ പറഞ്ഞു," ഷിജൂ, ഞാന്‍ വണ്ടി കൊണ്ട് കൊടുത്തിട്ട് വരാം". ചേട്ടന്മാരുടെ അടുത്തിരുന്ന് വർത്തമാനം പറയാന്‍ ആഗ്രഹമുണ്ടായതിനാല്‍ ഞാൻ കൂടെ പോകാന്‍ മടിക്കുകയും ചെയ്തു. അപ്പോ പപ്പാ പറഞ്ഞു "നീയും കൂടി ബിനുവിന്റെ കൂടെ പോ, വണ്ടി കൊടുത്തിട്ട് രണ്ടുപേരും കൂടി തിരികെ വന്നാൽ മതി".

പപ്പാ പറഞ്ഞത് നിരസ്സിക്കാന്‍ വയ്യാത്തതിനാല്‍ മനസ്സില്ലാമനസ്സോടെ ഞാനും കൂടെ പോയി. അടൂരില്‍ ചെന്ന് കാറ് കൊടുത്ത്തിനു ശേഷം ഞങ്ങള്‍ വീണ്ടും വീട്ടിലേക്ക് തിരിച്ചു. ബിനുച്ചാന്‍ രാവിലെ മുതല്‍ വണ്ടി ഓടിച്ചു ക്ഷീണിച്ചതിനാല്‍ ഞാനാണ്‍ ഇങ്ങോട്ട് ബൈക്ക് ഓടിച്ചത്. വഴിക്ക് ഒരു മെഡിക്കൽ സ്റ്റോർ കണ്ടപ്പോഴാണ്‍ പപ്പാക്ക് മരുന്ന് വാങ്ങാനുള്ള കാര്യം ഞാനോർത്തത്.പെട്ടെന്ന് ബൈക്ക് നിർത്തി ഞാന്‍ മരുന്നുകള്‍ മേടിച്ചു. തിരികെവന്നപ്പോഴേക്കും ബിനുച്ചാന്‍ ബൈക്ക് സ്റ്റാറ്ട്ടാക്കി പോകാന്‍ റെഡി ആയി നില്‍ക്കുന്നു.ഞാൻ വന്നു ബൈക്കിന്റെ പുറകില്‍ കയറി ഇരുന്നു. സമയം6.20 ആകുന്നു. അടൂരില്‍നിന്ന് വീട്ടിലേക്ക് വരുന്ന വഴി കായംകുളം- പുനലൂറ് റോഡില്‍ ചേന്നമ്പള്ളി അമ്പലം എന്നൊരു സ്ഥലമുണ്ട്. അതിനു മുന്‍പ് വേറൊരു ബൈക്കുകാരെ ഞങ്ങള്‍ ഓവറ്ടേക്ക് ചെയ്തു. അവരും രണ്ടു ചെറുപ്പക്കാർ. അല്‍പ്പം നീരസത്തൊടെ അവര്‍ ഞങ്ങളെ ഒന്നു നോക്കി, ഓവർടേക്ക് ചെയ്തത് ഇഷ്ടപ്പെട്ടില്ല എന്നു അവരുടെ മുഖഭാവത്തില്‍ വ്യക്തമായിരുന്നു. അപ്പോ ഞാന്‍ ബിനുച്ചാനോട് പറ്ഞ്ഞു "അച്ചായൊ, അവർക്ക് നമ്മൾ ഓവർടേക്ക് ചെയ്തത് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. ഇപ്പൊ അവര് നമ്മളെ വീണ്ടും ഓവറ്ടേക്ക് ചെയ്യും. പറഞ്ഞുതീര്‍ന്നില്ല അതിനു മുന്‍പ് അവര്‍ ഞങ്ങളെ ഓവർടേക്ക് ചെയ്യാന്‍ തുടങ്ങി. പൊയ്ക്കോട്ടേ എന്നു ഞങ്ങളും കരുതി.

പെട്ടന്ന് ഞങ്ങളുടെ എതിർവശത്ത്നിന്നും ഒരു എൻഫിൽഡ് ബുള്ളറ്റ് പാഞ്ഞുവരുന്നതുകണ്ടു. ആ സൈഡിൽ നിർത്തിയിരുന്ന ഒരു ബസിനെ ഓവർടേക്ക് ചെയ്താണ് ആശാന്റെ വരവ്. യാതൊരു കണ്ട്രോളും ഇല്ലാ തെ കുടിച്ചുലക്കിലാത്തവർ ബൈക്ക് ഓടിക്കുന്നതുപോലെ, വളഞ്ഞുപുളഞ്ഞുള്ള ആ വരവ് തീരെ പന്തിയല്ലല്ലോ എന്ന് ഒറ്റനോട്ടത്തിൽ എനിക്കു മനസ്സിലായി. ഞാന്‍ ബിനുച്ചാന്റെ പുറത്ത് തട്ടി വേഗത കുറക്കാന്‍ പറഞ്ഞു.. അടുത്തനിമിഷം തന്നെ എന്റെ കണ്ണിൽ എന്തൊ പൊടി തടഞ്ഞു, ഞാൻ കണ്ണുതുടച്ചു. ഒപ്പം 'ടപ്പ് ' എന്ന ഒരു ശബ്ദം ഞാന്‍ കേട്ടു. ഞങ്ങളേ ഓവർടേക്ക് ചെയ്യുന്ന ബൈക്ക് തട്ടിയതാണെന്ന് ഞാന്‍ ഉറപ്പിച്ചു (സൈഡിൽ വന്ന ബൈക്കല്ല, എതിരേ വന്ന ബൈക്ക് നിയന്ത്രണംവിട്ട് ഞങ്ങളെ ഇടിക്കുകയായിരുന്നു – ഞങ്ങളുടെയും ഇടതുവശം വരെ കയറിവന്ന്!). പെട്ടെന്ന് ശരീരത്തില്‍ക്കൂടി കാറ്റ് ശക്തിയായി അടിക്കുന്നത് ഞാനറിഞ്ഞു. കണ്ണുതുറന്നപ്പോൾ ഞാൻ വായുവിൽ ഉയർന്നുപൊങ്ങി മുകളിലേക്ക് തെറിക്കുകയാണ്.. അയ്യോ.................................................................................................

എവിടെയൊ ചെന്ന് വീണു

.വീണതിനു ശേഷം അല്‍പ്പം കൂടി നിരങ്ങി മാറി. പെട്ടെന്ന് ഞാന്‍ ചാടി എണീറ്റു. തലയില്‍ക്കൂടി എന്തൊക്കെയൊമുഖത്തേക്ക് ഒലിച്ചിറങ്ങുന്നു.ദൈവമേ വണ്ടി ഇടിച്ചു വീണു, തല പൊട്ടി ചോരയും തലച്ചോറും ഒക്കെ ഒഴുകി വരുകയാണല്ലൊ എന്നാണ്‍ ഞാന്‍ കരുതിയത്. ഞാന്‍ മുഖം തുടച്ചു.ഒന്നും കാണാന്‍ പറ്റുന്നില്ല. വീഴ്ചയില്‍ കാഴ്ച്ച ശക്തിയും പോയെന്ന് എനിക്ക് ഉറപ്പായി. എല്ലാ ശക്തിയും എടുത്ത് ഒന്നൂടെ എഴുനേല്‍ക്കാന്‍ ശ്രമിച്ചു. അപ്പോള്‍ തന്നെ ഇത്രയും കൂടി പറഞ്ഞു "എന്റെ ദൈവമേ എന്റെ ജീവന്‍ എടുക്കരുതേ". അതിനുശേഷം ഒന്നൂടെ മുഖം തുടച്ചു നോക്കി. അപ്പോള്‍ അവ്യക്തമായി ആള്‍ക്കാർ ഓടിവരുന്നതു കണ്ടു. നിൽക്കുവാൻ തീരെ ആവുന്നില്ല. രക്ഷിക്കണേ എന്നു ആവുന്നത്ര ഉറക്കെ വിളിച്ച് പറ്ഞ്ഞ് മുമ്പോട്ട് മറിഞ്ഞു വീണു.അപ്പോഴേക്കും ആള്‍ക്കാർ ഓടി എന്റെ അടുത്തുവന്നു.

ഒരു ചെളിക്കുണ്ടിലാണ് ഞാൻ വീണിരിക്കുന്നത്. ഒരാള്‍ കൈയ്യില്‍ പിടിച്ച് വലിച്ച് എഴുന്നേല്‍പ്പിക്കാന്‍ നോക്കി. അപ്പോള്‍ ആരോ പറയുന്നതു കേട്ടു കാലൊടിഞ്ഞടാ. ഞാന്‍ തല അല്‍പ്പം ഉയറ്ത്തി നോക്കി, ശരിയാണ്‍ ഇടത്തെ കാലിന്റെ തുട എല്ല് ഒടിഞ്ഞ് പാന്റും തുളച്ച് അസ്ഥി പുറത്തുവന്നിരിക്കുന്നു! കാല്‍ നല്ലതുപോലെ നീരുവെക്കുന്നു, നല്ലതുപോലെ ബ്ലീഡിങുമുണ്ട്. ഞാന്‍ നോക്കിയപ്പൊ ശരീരം മുഴുവനും ചെളിയും ചോരയും. ഇടിയുടെ ആഘാതത്തില്‍ ഞാന്‍ റോഡിന്റെ വലതുസൈഡിലെ ഓടയിലാണ്‍ വീണത്.ആരോ ഒരാള്‍ ഒരു സോഡാ കൊണ്ടുതന്നു.ഒരു കവിള്‍ കുടിച്ചപ്പോഴേക്കും കുറെ ചോരയും ചെളിയുമെല്ലാം വയറ്റില്‍ പോയി.പിന്നീട് ഒരു കവിള്‍കൂടി കുടിച്ചു. അപ്പോഴെക്കും സോഡായുടെ ഗ്യാസ് മുകളിലേക്ക് വരാന്‍ തുടങ്ങി.ഇനി വേണ്ടാ എന്നെ ഒന്നു ആശുപത്രിയില്‍ കൊണ്ട് പോ പ്ലീസ്സ്.. ഞാന്‍ കരഞ്ഞു.

തലയിലല്ല, കാലിലാണ് മാരകമായ മുറിവ് പറ്റിയിരിക്കുന്നത് എന്നെനിക്കു മനസ്സിലായി. ആരൊ ബാക്കി വന്ന സോഡാകൊണ്ട്മുന്‍പ് എന്റെ തലയില്‍ക്കൂടി ഒലിചുവന്ന ചെളി ചെറുതായി ഒന്നു കഴുകി. വന്നവരെല്ലാം ചോദിക്കുന്നതു എവിടെയാ വീട്? വീട്ടില്‍ ആരൊക്കെ ഉണ്ട്? പേരെന്താ? ഫോണ്‍ നംബറ് അറിയാമോ??? അപ്പോ നല്ല ബോധം മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ എല്ലാം പറഞ്ഞു കൊടുത്തു.ഷിബുവൊ ഷിനുവൊ കാണും അവരോട് മാത്രം വിവരം പറഞ്ഞാല്‍ മതിഎന്നും കൂടെ പറഞ്ഞു. പെട്ടെന്നു തന്നെ അവിടെ ഉണ്ടായിരുന്ന ഒരു ഓട്ടോറിക്ഷായില്‍ എന്നെ ചുരുട്ടികൂട്ടി അടൂർ ഗവർമെന്റ് ആശുപത്രിയില്‍ കൊണ്ടുപോയി.അവിടെ ചെന്നപ്പോള്‍ ആശുപത്രി പരിസരത്ത് വൻ ജനാവലി ആയിരുന്നു. കാഷ്വാലിറ്റിയില്‍ കൊണ്ട്ചെന്ന് പ്രാഥമിക ശ്രശൂഷകള്‍ തുടങ്ങി.ഇട്ടിരുന്ന പാന്റും ഷർട്ടും വലിച്ചുകീറിമാറ്റി. അണ്ടർവെയർ മാത്രം ഇട്ടുകൊണ്ട് ചോരയിലും ചെളിയിലും കുതിർന്ന് ഞാൻ ടേബിളിൽ കിടക്കുകയാണ്. ഒരുപാട് പേര്‍ വന്നു ഞങ്ങളെ നോക്കുന്നുണ്ട്. അറ്റന്‍ഡറ്മാര് ആരൊക്കെയൊ പറയുന്ന്തു കേള്‍ക്കാം ആരെങ്കിലും തിരിച്ചറിയുകയാണെങ്കില്‍ വന്നു പറയണേ എന്ന്.

ആ സമയം ഒരു മധ്യവയസ്കനായ ഒരു ഓട്ടോ ഡ്രൈവറ് എന്റെ അടുത്ത് വന്നിരുന്ന് എന്നെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. എന്റെ കൈയ്യിലെ മോതിരവും മാലയും ഒന്നും ആരു ചോദിച്ചാലും ഊരികൊടുക്കരുത് എന്നു കൂടെക്കൂടെ എന്നെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.

ആ സമയത്ത് ഒരു ചെറുപ്പക്കാരന് ‍ വന്നു എന്നെ സൂക്ഷിച്ചു നോക്കി അയാളുടെ മുഖം കണ്ടിട്ട് എവിടെയോ കണ്ടു മറന്നതു പോലെ, എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാന്‍ പറ്റിയില്ല.. വന്ന ആള്‍ ചോദിച്ചു വീടെവിടാ ??? “കുടശ്ശനാട്“. ഞാന്‍ സ്ഥലം പറഞ്ഞു.

അവിടെ ഒരു ഷിജുവിനെ അറിയാമോ? അപ്പോ ഞാന്‍ പറഞ്ഞു , ഞാനാ ഷിജു.....

അവന്റെ മുഖത്തെ ഞെട്ടല് ‍ ഞാന്‍ കണ്ടു. എന്നിട്ട് ഉറക്കെ പറഞ്ഞു "എനിക്ക് ഇയാളെ അറിയാമേ....."

ദൈവമെ ഒരാളെങ്കിലും എന്നെ തിരിച്ചറിഞ്ഞല്ലോ എനിക്ക് ആശ്വാസമായി. അവന്‍ പിന്നെയും എന്റെ അടുത്തുവന്നിട്ട് പറഞ്ഞു 'എടാ നിനക്ക് എന്നെ മനസ്സിലായില്ലേ? ഞാനാടാ നാസറ്. എന്റെ കു‌ടെ യു‌.പി സ്കൂളില്‍ പഠിച്ചിരുന്ന നാസര്‍. കുറെ നാളിനു ശേഷം കാണുകയാണ്. അപ്പോഴെക്കും അവന്‍ ഓടിചെന്ന് ഒരു കൈലി എടുത്തു കൊണ്ടുവന്നു എന്നെ പുതപ്പിച്ചു. നാസറിന്റെ പെങ്ങള്‍ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു അതാണ്‍ അവന്‍ അവിടെ വന്നതു . ഡ്യൂട്ടി ഡോക്ടറ് വന്നു എന്നൊട് എന്തൊക്കെയോ ചോദിച്ചു, ഞാന്‍ മറുപടിയും പറഞ്ഞു. പിന്നിട് ഞാൻ ഡോക്ടറോട് എന്നെ ഏതെങ്കിലും ഒരു പ്രൈവറ്റ് ആശുപത്രിയിലേക്ക് മാറ്റിയാല്‍ മതി എന്ന് പറ്ഞ്ഞു, അങ്ങനെ ചെയ്യാം എന്നു അദ്ദേഹം സമ്മതിച്ചു.

ആംബുലന്‍സ് വന്നു

ആരൊക്കെയോ ചേർന്ന് എന്നെ ആംബുലന്‍സിലെക്ക് മാറ്റാൻ തുടങ്ങുകയാണ്. എനിക്ക് കൂറ്റുതൽ ആധിയായി. കൂടെവരാൻ പരിചയക്കാരായി ആരും ഇല്ല. കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് ആശുപത്രിഅധികൃതരുടെ തീരുമാനം എന്ന് വർത്തമാനങ്ങളിൽനിന്ന് മനസ്സിലായി. സർക്കാരാശുപത്രിയിൽ നിന്ന് അത്രയല്ലേ ചെയ്യൂ. ആയുസുള്ളവർ രക്ഷപെടും. അല്ലാത്തവർ വഴിയിൽ വച്ചുതന്നെ പോകും! പക്ഷേ ദൈവനിശ്ചയം എന്നൊന്നുണ്ടല്ലോ. അപ്പോഴെക്കും ആക്സിഡന്റ് ഉണ്ടായ സ്ഥലത്തുനിന്ന് ആരൊക്കെയോ വീട്ടിൽ വിളിച്ചുപറഞ്ഞ് ഷിബുച്ചായൻ അവിടെ വന്നു. വിളറി വെളുത്ത് പരവശനായി വന്ന ഷിബുച്ചാനെ ഇന്നും ഞാന്‍ ഓർക്കുന്നു. ഷിബുചാന്റെ കൂടെ ഷിനുച്ചാ‍നും ഞങ്ങളുടെ ഒരു കസിനായ സണ്ണിച്ചാനും ഉണ്ടായിരുന്നു. അവരെ കണ്ടപ്പൊ എനിക്കും സമാധാനമായി. ഷിബുച്ചാ‍നും സണ്ണിച്ചാനും കൂടി എന്റെ കൂടെ ആംബുലന്‍സില്‍ കയറി. ആംബുലന്‍സ്സില്‍ ഞങ്ങളുടെ കൂടെ ആക്സിഡന്റായ മറ്റൊരാളേയും കയറ്റി. ഞാന്‍ നോക്കി ബിനുച്ചാനാണോ?? അല്ല മറ്റാരോ ആണ്. അയാളുടെ ചെവിയില്‍ക്കൂടി ചോര വരുന്നുണ്ട്. മുഖം ഒരുവശ്ം മുഴുവൻ ചതഞ്ഞിരിക്കുന്നു. ബോധമുണ്ടെന്നു തോന്നിയില്ല. ഞങ്ങളെ വന്ന് ഇടിച്ച ബൈക്കുകാരനായിരുന്നു അത്. ഞാന്‍ ബിനുച്ചാനെപ്പറ്റി അപ്പൊ ഷിബുച്ചാനോട് തിരക്കി. തിരക്കാന്‍ വിട്ടിട്ടുണ്ട്, കുഴപ്പമില്ല എന്നു പറഞ്ഞു

ആംബുലന്‍സ്സില്

‍ ഷിബുച്ചാ‍ന്റെ മടിയില്‍ തല വെച്ചാണ്‍ ഞാന്‍ കിടക്കുന്നത്. നമ്മുടെ റോഡിന്റെ ഗുണം നല്ലതായതുകൊണ്ട് ആംബ്ബുലന്‍സ് നല്ലവണ്ണം കുലുങ്ങുന്നുണ്ട്. കാലിന്റെ വേദന അസ്സഹനീയം. സണ്ണിച്ചാന്‍ ഇടക്ക് ചോദിച്ചു ഏത് ആശുപത്രിയിലാ പോകുന്നെ? കോട്ടയ്ം വരെ ചെല്ലുന്നതിനു മുമ്പ് ആക്സിഡന്റ് കേസുകൾ കൈകാര്യം ചെയ്യുവാൻ സൌകര്യമുള്ള ഒരാശുപത്രി പുഷ്പഗിരി മെഡിക്കൽ കോളേജ് മാത്രമാണ്. അത് മനസ്സിൽ വച്ചുകൊണ്ടാണ് ഞങ്ങൾ പോകുന്നത്. വഴിമധ്യേ എന്റെ അവസ്ഥ വളരെ മോശമാകാന്‍ തുടങ്ങി. വായില്‍ നിന്ന് നുരയും,പതയും ഒക്കെ വരാന്‍ തുടങ്ങി.കാലില്‍ അസ്ഥി ഒടിഞ്ഞ് ഉണ്ടായ ആഴമേറിയ മുറിവില്‍ നിന്ന് രക്തം കൂടുതലായി ഒഴുകി തുടങ്ങി.ഇടക്ക് എപ്പഴോ എന്റെ കൈ അറിയാതെ മുറിവ് വെച്ചുകെട്ടിയ തുണിയില്‍ കൊണ്ടു. മൊത്തം നനഞ്ഞിരിക്കുന്നു.

ശരീരത്തിന്റെ ബലം കുറയാന്‍ തുടങ്ങി. വളരെയേരെ രക്തം അതിനോടകം നഷ്ടപ്പെട്ടുകഴിഞ്ഞു. ഏറെ നേരം പിടിച്ചുനില്ക്കാന്‍ കഴിയില്ലാ എന്ന് എനിക്ക് മനസിലായി .ശരീരം തളരുന്നു.ഹൃദയമിടിപ്പ് വളരെ വ്യക്തമായി എനിക്ക് എണ്ണാന്‍ പറ്റി. 1,2,3,4,5....ഹോ........ പെട്ടെന്നു ഞാന്‍ പറഞ്ഞു ഷിബുച്ചാ നമുക്ക് ഇവിടെ എവിടെ എങ്കിലും ആശുപത്രിയില്‍ കയറാം പുഷ്പ്പഗിരി വരെ ഞാന്‍ ചെല്ലത്തില്ല.എനിക്ക് തീരെ വയ്യാ. ശരി,ഷിബുച്ചാന്‍ പറഞ്ഞു. ഭാഗ്യം വീണ്ടും തുണയ്ക്കെത്തി. ഷിബുച്ചായൻ പെട്ടന്നു പറയുന്നതുകേട്ടു നമുക്ക് ചെങ്ങന്നൂരിനു മുമ്പുള്ള സെഞ്ചുറി ഹോസ്പിറ്റലിൽ കയറാം. അവിടെ നല്ല സൌകര്യങ്ങളെല്ലാം ഉണ്ട് എന്ന്. ഇനി അരക്കിലൊമീറ്റർ മാത്രമേ ഉള്ളൂ. അവീടെ എത്തിയപ്പോഴെക്കും എന്റെ അവസ്ഥ വളരെ വളരെ ഗുരുതരമായി.നേരെ കാഷ്വാലിറ്റിയിലേക്ക്.ഡോക്റ്റേഴ്സെല്ലാം ഓടിക്കൂടുന്നു, അവിടെ പിന്നെം അടിയന്തിര ശ്രശൂഷകള്‍ തുടങ്ങി.ഓക്സിജന്‍ മാസ്ക് മുഖത്ത് വെച്ചിട്ടുണ്ട്. ബിപി കിട്ടുന്നില്ല എന്ന് ആരോ പറയുന്നതു കേട്ടു. ഞാൻ ഒരു ഷോക്കിലേക്ക് കൂ‍പ്പുകുത്തുകയ്‍ായിരുന്നു അപ്പോൾ.

പെട്ടെന്ന് ഒരു തരിപ്പ് എന്റെ വലത്തെ കാലിന്റെ തള്ളവിരലില്‍നിന്നും മുകളിലേക്ക് വരുന്നതായി എനിക്ക് തോന്നി.അതെ ആദ്യം വിരല്‍ പിന്നെ കാല്‍മുട്ട്, അങ്ങനെ പതുക്കെ മുകളിലേക്ക്, നെഞ്ച്,താടി,അവസാനം അത് വന്നു എന്റെ മൂക്കിന്റെ തുമ്പില്‍ വന്നു നിന്നു.അപ്പൊ ഞാന്‍ കരുതി ജീവന്‍ പോകുകയാണെന്ന്. പെട്ടെന്ന് കിടന്ന കിടപ്പില്‍ നിന്ന് ഞാന്‍ ചാടി എണീറ്റു, എന്താ? എന്തുവേണം?? ഒരു ഡോക്ടറ് എന്നൊട് ചോദിച്ചു. എനിക്ക് ശർദ്ദിക്കണം എന്ന് ആഗ്യം കാ‍ണിച്ചു, എന്തോ പറയുകയും ചെയ്തു.പക്ഷേ തിരിഞ്ഞില്ല.ഒരു നഴ്സ്സ് ബേസിന്‍ കൊണ്ടുവന്നു അതിലേക്ക് മൂന്ന് പ്രാവശ്യം ശർദ്ദിച്ചു.

എന്താ ഡോക്ടറ് എന്താ പറ്റിയതു? ഞാന്‍ മരിക്കാന്‍ പോകുകയാണോ? അടുത്തുനിന്ന ഡോക്ടറുടെ (ജഗൻ പുന്നുസിനോട്) കൈയ്യിൽ പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

ഡോക്ടർ എന്നെ ആശ്വസിപ്പിച്ചു. ഏയ് എന്താ ഈ പറയുന്നെ ഞങ്ങള് ‍ ഒരു injection എടുത്തതാ അതിന്റെ റിയാക്ഷനില്‍ ചിലറ്ക്ക് ഇതുപോലെ വരും പേടിക്കണ്ടാ. പേടിക്കേണ്ട എന്നദ്ദേഹം പറഞ്ഞെങ്കിലും വളരെ ഗുരുതരമായിരുന്നു എന്റെ അവസ്ഥ എന്ന് പിന്നീട് ഞാൻ അറിഞ്ഞു. ബ്ലഡ് മുഴുവൻ പോയി, അടുത്ത ഏതാനും മിനിറ്റുകൾ മാത്രം ജിവിതം ബാക്കിയിരിക്കേയാണ് എന്നെ ആ ഹൊസ്പിറ്റലിലേക്ക് കൊണ്ടുവന്നത്. ഇടത്തേ കാലിന്റെ അസ്ഥി ഒടിഞ്ഞ് പുറത്തുവന്നിരിക്കുന്നു, അസ്ഥി ഒടിഞ്ഞ് 2ഇഞ്ച് നീളത്തിൽ നഷ്ടപെട്ടു, ഹിപ്പ് നെക്ക് അകന്നു പോയി. ഇടത്തെ കൈയുടെ ചെറുവിരലിന്‍ ഒടിവ്, പിന്നെ ശരീരമാസകലം മുറിവുകളും ഷിബുച്ചായൻ പറഞ്ഞ് വളരെപിന്നീട് എന്നോട് പറഞ്ഞു ഡോക്റ്റർ ജഗൻ അന്ന് അവരോട് പറഞ്ഞതെന്താണെന്ന്. ‘he is in a very critical stage, we will do our best, but you pray to God’. അതെ, വൈദ്യശാസ്ത്രത്തിന് ചെയ്യാവുന്ന പരമാവധിക്ക് ഒപ്പവും ആശ്രയമാവുന്ന ഒരു ശക്തിയുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു ഡോക്ടറാണദ്ദേഹം..

ഡോക്റ്റർ മാർ വീണ്ടും എന്തൊക്കെയോ ചെയ്തു. അപ്പോഴേക്കും ഞാന്‍ അബോധാവസ്ഥയിലേക്ക് വീണു. മരണത്തിനും ജീവനും ഇടയിലുള്ള നേരിയ തുടിപ്പ്. പെട്ടെന്ന് എന്റെ അബോധാവസ്ഥയില്

‍ ഞാന്‍ കാണുന്നത് ക്രിസ്തുവിന്റെ അന്ത്യ നിമിഷങ്ങളാണ്‍. ഒരു പക്ഷേ ചെറുപ്പകാലം മുതല്‍ ക്രിസ്തീയ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന എനിക്ക് അങ്ങനെ തോന്നിയതാവാം.എങ്കിലും ഞാന്‍ വിശ്വസിക്കുന്നതും നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നതും മറിച്ചാണ്‍. ജീസ്സസ്സ് ക്രൈസ്റ്റ് എന്റെ അടുത്ത് വന്നു അദ്ദേഹത്തിന്റെ മുറിവുകൾ എനിക്ക് കാണിച്ചുതന്നു, എന്നിട്ട് ഇത് എല്ലാവരോടും പങ്കുവെക്കുവാനായിട്ട് എന്റെ ജീവന്‍ എനിക്ക് തിരികെ തന്നു.ഇതാണ്‍ ഞാന്‍ വിശ്വസിക്കുന്നത്.

അതിനുശേഷം അനിശ്ചിതാവസ്ഥയിൽ ഐ.സി.യു വിൽ പത്തുദിവസം. അതിനിടെ ആറുമണിക്കൂർ നീണ്ട ഒരു ശസ്ത്രക്രിയ, ഒട്ടനേകം ബ്ലഡ് ട്രാൻസ്ഫ്യൂഷനുകൾ, മാറിയും മറിഞ്ഞും വരുന്ന ഇൻഫെക്ഷനുകൾ. ആ അവസ്ഥയിൽ നിന്ന് വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ച് ഒടിഞ്ഞുനുറുങ്ങിപ്പോയ തുടയെല്ലിനെ വളർത്തിയെടുക്കുവാനുള്ള എലിസാറൊ ചികിത്സ എറണാകുളത്ത്, ഏകദേശം ഒന്നര വർഷത്തോളം കിടക്കയിൽ കഴിഞ്ഞ്, അനേകരുടെ പ്രാർത്ഥനകൊണ്ടും എന്റെ മാതാപിതാക്കളുടെ നന്മ കൊണ്ടും, മെഡിക്കൽ സയൻസിലെ പുരോഗതികൾ കൊണ്ടും, അവയെടുത്തുപ്രവർത്തിച്ച ഡോക്ടർമാരുടെ കഴിവുകൾ കൊണ്ടും ഞാൻ ഇന്ന് ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നു. പരിക്കേറ്റ കാലിന് ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നതുപോലെ ഒരു നീളക്കുറവും, തന്മുലം ഒരു ഞൊണ്ടലും തന്നു ആ ആക്സിഡന്റ്.

ഇന്ന് വീണ്ടും ഒരു ആഗസ്റ്റ് 9 . എന്റെ പുനർജന്മത്തിലെ അഞ്ചാം ‘പിറന്നാള്‍’