Monday, March 14, 2011

അടവി

പത്തനംതിട്ട ജില്ലയിലെ പന്തളത്തിന് സമീപത്തുള്ള ഒരു ഗ്രാമപ്രദേശമാണ് കുരമ്പാല. കുരമ്പാല ഭഗവതീ ക്ഷേത്രത്തില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ അടവി എന്നൊരു അനുഷ്ടാനം നടത്താറുണ്ട്. അതിനെപ്പറ്റിയാണു ഈ പോസ്റ്റ്‌.

ദേവീ പ്രീതിക്കായി ചൂരൽ ശരീരത്തിൽ ചുറ്റി ശയനപ്രദിക്ഷണം നടത്തി രക്തം ദേവിക്കായി ബലി അർപ്പിക്കുന്നതിനേയാണു അടവി എന്നു പറയുന്നത്. തങ്ങളുടെ കയ്യിലുള്ള ചൂരലിനെ ദേവിയായി സങ്കൽ‌പ്പിച്ച് ദേവിയെ ശരീരത്തിലെക്ക് ആവാഹിക്കുന്നു എന്നാണു സങ്കൽ‌പ്പം. ആദ്യകാലങ്ങളിൽ മനുഷ്യരുടെ തലവെട്ടി രക്തം ദേവിക്കായി അർപ്പിച്ചിരുന്നു. പിൽക്കാലത്ത് ബുദ്ധ സന്യാസിമാരുടെ ഇടപെടലുകളെ തുടർന്ന് നരബലി നിർത്തലാക്കുകയും പകരം ചൂരൽ ശരീരത്തിൽ ചുറ്റി ദേവിയുടെ മുൻപിൽ ശയനപ്രദിക്ഷണം നടത്തി തങ്ങളുടെ രക്തം ദേവിക്കായി സമർപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ പടയണിയുടെ ഒരു ഭാഗമാണു അടവിയും.



പടയണിയുടെ അവസാനമായിട്ടാണു അടവി നടത്താറുള്ളത്. സാമം, ദാനം എന്നീ രണ്ട് കാര്യങ്ങളെയാണു പടയണീയും, അടവിയും പ്രതിനിധാനം ചെയ്യുന്നത്. 41 ദിവസത്തെ പടയണി കൊണ്ട് സാമത്തേയും പിന്നീടുള്ള ഒരു രാത്രിയുടെ പകുതി മുതൽ ഒരു പകൽ വരെ ദേവിക്ക് രക്തം ബലി അർപ്പിച്ച് അടവി ദാനത്തേയും പ്രതിനിധീകരിക്കുന്നു. തങ്ങളുടെ നാടിനേയും, വേണ്ടപ്പെട്ടവരെയും, തങ്ങളെത്തന്നെയും എല്ലാ ഈരിബാധകളിൽ നിന്നും രക്ഷിക്കുന്നതിനു വേണ്ടിയാണു അടവി നടത്തുന്നതെന്നാണു വിശ്വാസം. ഓരോ 5 വർഷം കൂടുമ്പോഴാണു അടവി മഹോത്സവം നടത്താറുള്ളത്. പാതിരാത്രിയുടെ കൂരിരുട്ടിൽ ദേവിക്ക് രക്തം ബലി അർപ്പിക്കാൻ തുടങ്ങുകയായി.അടവിക്കു മുന്നോടിയായി രാവിലെ മുതൽ ഭക്തന്മാർ വാദ്യഘോഷങ്ങളോടെ ക്ഷേത്രാങ്കണത്തിൽ വേരോടെ പിഴുതെടുത്ത തെങ്ങ്, പന, കമുക്, ചൂരൽ മുതലായവ കൊണ്ടുവന്ന് കളിപ്പിക്കും. രാത്രി 9 മണിക്കു ശേഷം പടയണീ വിനോദങ്ങൾ നടത്തും. തുടർന്ന് വെളിച്ചപ്പാട് ചൂരൽ ഉരുളിച്ചക്കാർക്ക് കളമെഴുതി മായിച്ച പഞ്ചവർണ്ണപ്പൊടി (ഭസ്മം) നൽകി അനുഗ്രഹിക്കും. അതിനുശേഷം രാത്രി 12 മണിക്ക് വെളിച്ചപ്പാടിന്റെ കാർമികത്വത്തിൽ പാനയടി ചടങ്ങ് നടത്തും, 101 കരിക്ക് പാനക്കുറ്റി കൊണ്ട് അടിച്ച് പൊട്ടിച്ചാണു ചടങ്ങ് നടത്തുന്നത്. ഒപ്പം വേലന്റെ പറ ചാറ്റലും നടക്കും. പറപാറ്റിത്തുടങ്ങുന്നതോടെ ഭക്തർ ചൂരലുമായി ക്ഷേത്രത്തിനു വലം വെച്ച് പ്രത്യേകം തയ്യാറാക്കിയ താവടി പന്തലിൽ എത്തി ദേവിയെ വണങ്ങി ചൂരൽ തങ്ങളുടെ ശരീരത്തിൽ ചുറ്റി തെക്കുവശത്തുനിന്ന് വടക്കു ദിശയിലേക്ക് ഉരുളുന്നു. ഉരുളുന്നതിനിടെ ചൂരലിലെ കൂർത്ത മുള്ളുകൾ ശരീരത്തിൽ തറച്ചു കയറുകയും അതിന്റെ ഫലമായി പുറത്തേക്ക് വരുന്ന രക്തം കാളീ ദേവിക്ക് സമർപ്പിക്കുന്നു എന്നുമാണു സങ്കൽ‌പ്പം. ചൂരലിൽ ഉരുളുന്ന ഓരോ ഭക്തരേയും ഉരുളലിന്റെ അവസാനത്തിൽ കരക്കാർ ചേർന്ന് താങ്ങിയെടുത്ത് ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തേക്ക് എത്തിച്ച് ചൂരൽ ശരീരത്തിൽ മുറിച്ച് മാറ്റി സ്വതന്ത്രരാക്കുന്നു. ചോരവാർന്ന ശരീരവുമായി ഒരിക്കൽകൂടി ദേവീസന്നിധിയിൽ എത്തി ദേവിയെ വണങ്ങിയതിനുശേഷം ആത്മനിർവൃതിയൊടെ തിരികെ മടങ്ങുന്നു. വീണ്ടുമൊരു അടവി മഹോത്സവത്തിനായ്...


ചൂരൽ ഉരുളിച്ച നടക്കുന്നതിന്റെ അടുത്ത ദിവസം ക്ഷേത്രാങ്കണം പിശാചുക്കളുടെ വിഹാരരംഗമാണെന്ന് വിശ്വസിക്കുന്നതിനാൽ അരും അന്നേ ദിവസം ക്ഷേത്രത്തിൽ പ്രവേശിക്കാറില്ല. അടവിയുടെ വിവിധ ചടങ്ങുകളുടെ ചിത്രങ്ങള്‍ താഴെയുള്ള സ്ലൈഡ് ഷോയില്‍ ഉണ്ട്