Monday, March 14, 2011

അടവി

പത്തനംതിട്ട ജില്ലയിലെ പന്തളത്തിന് സമീപത്തുള്ള ഒരു ഗ്രാമപ്രദേശമാണ് കുരമ്പാല. കുരമ്പാല ഭഗവതീ ക്ഷേത്രത്തില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ അടവി എന്നൊരു അനുഷ്ടാനം നടത്താറുണ്ട്. അതിനെപ്പറ്റിയാണു ഈ പോസ്റ്റ്‌.

ദേവീ പ്രീതിക്കായി ചൂരൽ ശരീരത്തിൽ ചുറ്റി ശയനപ്രദിക്ഷണം നടത്തി രക്തം ദേവിക്കായി ബലി അർപ്പിക്കുന്നതിനേയാണു അടവി എന്നു പറയുന്നത്. തങ്ങളുടെ കയ്യിലുള്ള ചൂരലിനെ ദേവിയായി സങ്കൽ‌പ്പിച്ച് ദേവിയെ ശരീരത്തിലെക്ക് ആവാഹിക്കുന്നു എന്നാണു സങ്കൽ‌പ്പം. ആദ്യകാലങ്ങളിൽ മനുഷ്യരുടെ തലവെട്ടി രക്തം ദേവിക്കായി അർപ്പിച്ചിരുന്നു. പിൽക്കാലത്ത് ബുദ്ധ സന്യാസിമാരുടെ ഇടപെടലുകളെ തുടർന്ന് നരബലി നിർത്തലാക്കുകയും പകരം ചൂരൽ ശരീരത്തിൽ ചുറ്റി ദേവിയുടെ മുൻപിൽ ശയനപ്രദിക്ഷണം നടത്തി തങ്ങളുടെ രക്തം ദേവിക്കായി സമർപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ പടയണിയുടെ ഒരു ഭാഗമാണു അടവിയും.പടയണിയുടെ അവസാനമായിട്ടാണു അടവി നടത്താറുള്ളത്. സാമം, ദാനം എന്നീ രണ്ട് കാര്യങ്ങളെയാണു പടയണീയും, അടവിയും പ്രതിനിധാനം ചെയ്യുന്നത്. 41 ദിവസത്തെ പടയണി കൊണ്ട് സാമത്തേയും പിന്നീടുള്ള ഒരു രാത്രിയുടെ പകുതി മുതൽ ഒരു പകൽ വരെ ദേവിക്ക് രക്തം ബലി അർപ്പിച്ച് അടവി ദാനത്തേയും പ്രതിനിധീകരിക്കുന്നു. തങ്ങളുടെ നാടിനേയും, വേണ്ടപ്പെട്ടവരെയും, തങ്ങളെത്തന്നെയും എല്ലാ ഈരിബാധകളിൽ നിന്നും രക്ഷിക്കുന്നതിനു വേണ്ടിയാണു അടവി നടത്തുന്നതെന്നാണു വിശ്വാസം. ഓരോ 5 വർഷം കൂടുമ്പോഴാണു അടവി മഹോത്സവം നടത്താറുള്ളത്. പാതിരാത്രിയുടെ കൂരിരുട്ടിൽ ദേവിക്ക് രക്തം ബലി അർപ്പിക്കാൻ തുടങ്ങുകയായി.അടവിക്കു മുന്നോടിയായി രാവിലെ മുതൽ ഭക്തന്മാർ വാദ്യഘോഷങ്ങളോടെ ക്ഷേത്രാങ്കണത്തിൽ വേരോടെ പിഴുതെടുത്ത തെങ്ങ്, പന, കമുക്, ചൂരൽ മുതലായവ കൊണ്ടുവന്ന് കളിപ്പിക്കും. രാത്രി 9 മണിക്കു ശേഷം പടയണീ വിനോദങ്ങൾ നടത്തും. തുടർന്ന് വെളിച്ചപ്പാട് ചൂരൽ ഉരുളിച്ചക്കാർക്ക് കളമെഴുതി മായിച്ച പഞ്ചവർണ്ണപ്പൊടി (ഭസ്മം) നൽകി അനുഗ്രഹിക്കും. അതിനുശേഷം രാത്രി 12 മണിക്ക് വെളിച്ചപ്പാടിന്റെ കാർമികത്വത്തിൽ പാനയടി ചടങ്ങ് നടത്തും, 101 കരിക്ക് പാനക്കുറ്റി കൊണ്ട് അടിച്ച് പൊട്ടിച്ചാണു ചടങ്ങ് നടത്തുന്നത്. ഒപ്പം വേലന്റെ പറ ചാറ്റലും നടക്കും. പറപാറ്റിത്തുടങ്ങുന്നതോടെ ഭക്തർ ചൂരലുമായി ക്ഷേത്രത്തിനു വലം വെച്ച് പ്രത്യേകം തയ്യാറാക്കിയ താവടി പന്തലിൽ എത്തി ദേവിയെ വണങ്ങി ചൂരൽ തങ്ങളുടെ ശരീരത്തിൽ ചുറ്റി തെക്കുവശത്തുനിന്ന് വടക്കു ദിശയിലേക്ക് ഉരുളുന്നു. ഉരുളുന്നതിനിടെ ചൂരലിലെ കൂർത്ത മുള്ളുകൾ ശരീരത്തിൽ തറച്ചു കയറുകയും അതിന്റെ ഫലമായി പുറത്തേക്ക് വരുന്ന രക്തം കാളീ ദേവിക്ക് സമർപ്പിക്കുന്നു എന്നുമാണു സങ്കൽ‌പ്പം. ചൂരലിൽ ഉരുളുന്ന ഓരോ ഭക്തരേയും ഉരുളലിന്റെ അവസാനത്തിൽ കരക്കാർ ചേർന്ന് താങ്ങിയെടുത്ത് ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തേക്ക് എത്തിച്ച് ചൂരൽ ശരീരത്തിൽ മുറിച്ച് മാറ്റി സ്വതന്ത്രരാക്കുന്നു. ചോരവാർന്ന ശരീരവുമായി ഒരിക്കൽകൂടി ദേവീസന്നിധിയിൽ എത്തി ദേവിയെ വണങ്ങിയതിനുശേഷം ആത്മനിർവൃതിയൊടെ തിരികെ മടങ്ങുന്നു. വീണ്ടുമൊരു അടവി മഹോത്സവത്തിനായ്...


ചൂരൽ ഉരുളിച്ച നടക്കുന്നതിന്റെ അടുത്ത ദിവസം ക്ഷേത്രാങ്കണം പിശാചുക്കളുടെ വിഹാരരംഗമാണെന്ന് വിശ്വസിക്കുന്നതിനാൽ അരും അന്നേ ദിവസം ക്ഷേത്രത്തിൽ പ്രവേശിക്കാറില്ല. അടവിയുടെ വിവിധ ചടങ്ങുകളുടെ ചിത്രങ്ങള്‍ താഴെയുള്ള സ്ലൈഡ് ഷോയില്‍ ഉണ്ട്
11 comments:

ഷിജു said...

നരബലി അഥവാ അടവി.....

കുഞ്ഞന്‍ said...

ഷിജൂട്ടാ, അടവിയെപ്പറ്റിയുള്ള അറിവ് നൽകിയതിന് നന്ദി, കഴിഞ്ഞ ദിവസം ഇതിന്റെ കുറെ പടങ്ങൾ ഞാൻ കണ്ടിരുന്നു. ചില വിശ്വാസങ്ങൾ മാറ്റപ്പെടേണ്ടതാണ്..! വിശ്വസങ്ങൾ അന്ധമാകുമ്പോൾ എന്തു വേദന എന്ത് കാടത്വം..!!

അലി said...

വിചിത്രമായ വിശ്വാസങ്ങളും ആചാരങ്ങളും.

kaithamullu : കൈതമുള്ള് said...

ആദ്യമായിട്ടാ അപ്പൂ, അടവിയെപ്പറ്റി കേൾക്കുന്നത്.
അനാചാരങ്ങൾ നിർത്തണമെന്ന ആവശ്യമുയരുമ്പോഴും ചില ആചാരങ്ങൾ സാംക്രമിക രോഗം പോലെ പടരുകയല്ലേ നമ്മുടെ നാട്ടിൽ!

പാര്‍ത്ഥന്‍ said...

ആർക്കും ഒരു ഗുണവും നൽകാത്ത ആചാരങ്ങൾ ദുരാചാരങ്ങളാണ്. അത് അനുഷ്ഠിക്കേണ്ടതില്ല.

ഷിജു said...

കുഞ്ഞേട്ടാ, അലി,കൈതമുള്ള് ചേട്ടൻ, പാർത്ഥേട്ടാ എല്ലാവർക്കും നന്ദി,
വിശ്വാസങ്ങൾ എല്ലാർക്കും ഒരു പൊലെ അല്ലല്ലോ.40 ദിവസത്തെ കടുത്ത നോമ്പ് എടുത്തിട്ടാണു ഇത് ഉരുളാൻ വരുന്നത്. വലിയ വിശ്വാസത്തോടെയാണു ആൾക്കാർ ഇത് ചെയ്യുന്നത്. അന്യ നാട്ടിൽ നിന്നു പോലും ആൾക്കാർ ചൂരലുമായി വന്ന് ഉരുളാറുണ്ട്. ഈ വർഷം ഏകദേശം 1800 പേരാണു അടവി ഉരുളാൻ അമ്പലത്തിൽ രജിസ്റ്റർ ചെയ്തത്. ഒരു ഫലവും ഇല്ലെന്ന് എങ്ങനെ പറയാൻ പറ്റും പാർത്ഥേട്ടാ?

ശ്രീ said...

ഞാനും ഈ ആചാരത്തെ പറ്റി ഇതാദ്യമായി കേള്‍ക്കുകയാണ്. പണ്ടെന്നോ തുടങ്ങി വച്ച ഓരോരോ വിശ്വാസങ്ങള്‍...
ഗരുഡന്‍ തൂക്കം നിരോധിച്ചതു പോലെ ഇതും വൈകാതെ മാറ്റപ്പെടുമായിരിയ്ക്കും.

നന്ദകുമാര്‍ said...

ഞാനും ഈ വിശ്വാസവും ആചാരവും ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ഇതൊക്കെയും മാറ്റേണ്ടതും മാറേണ്ടതുമാണ്.

വിവരങ്ങള്‍ പങ്കുവെച്ചതിനു നന്ദി ഷിജു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സ്വന്തം ഇഷ്ടപ്രകാരം വന്നുരുളുന്നതാണൊ അതോ

ഹരിപ്പാട്‌ അമ്പലത്തില്‍ ഉരുളിച്ച വഴിപാട്‌ കാണാറുണ്ട്‌. നാം പൈസ കൊടുത്താല്‍ നമുക്കു വേണ്ടി അവിടെ കുട്ടികള്‍ ഉരുളും.

ആ കുട്ടികള്‍ക്ക്‌ അത്യാവശ്യം കാര്യം നടത്താന്‍ ചില്ലറ ലഭിക്കും , വലിയ ശാരീരികാധ്വാനമൊന്നും ഇല്ല അമ്പലവാസികള്‍ ആയതിനാല്‍ അഷ്ടിക്കു നിവൃത്തിയില്ലാത്ത കുട്ടികള്‍
അങ്ങനെ ആലോചിച്ചപ്പോള്‍ അതൊരു നല്ല കാര്യം എന്നു തോന്നി.

പക്ഷെ ഇവിടെ ?

അവനവന്‍ തന്നെ കാണിക്കുന്നതാണെങ്കില്‍ പറഞ്ഞിട്ടെന്തു കാര്യം അനുഭവയോഗം അല്ലാതെന്താ.

ഒരു കാര്യത്തില്‍ മാത്രം സംശയം അടുത്ത ദിവസം അവിടെ പിശാചുക്കളുടെ വിളയാട്ടം ആയിരിക്കും എന്നു പറഞ്ഞു അപ്പോള്‍ ഇതു നടക്കുന്ന അന്നോ? അതല്ലേ ശരിക്കും വിളയാട്ടം?

പാര്‍ത്ഥന്‍ said...

ഗരുഢൻ തൂക്കവും 41 ദിവസത്തെ വൃതം എടുത്തിട്ടാണ് ചെയ്യുന്നത്. കൂട്ടത്തിൽ പ്രത്യേകതരം കുഴമ്പ് ഉപയോഗിച്ച് മുതുകിൽ തിരുമ്മലും നടത്തും. ഈ തിരുമ്മൽ കഴിയുമ്പോഴേക്കും ശരീരത്തിൽ നിന്നും തൊലി വേർപ്പെട്ടു നിൽക്കും.

എങ്കിലും,

ശരീരത്തിനു യോചിക്കാത്ത ചര്യകൾ എല്ലാം അനാചാരാങ്ങൾ തന്നെ. ഇത്തരം

ആചാരങ്ങളെക്കുറിച്ച് ഒരു പോസ്റ്റ് ഇവിടെ ഉണ്ട്.

ശ്രീ said...

എഴുത്തൊക്കെ നിര്‍ത്തിയോ?